തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാന നഗരിയിലെത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ തുടങ്ങിയവര്‍ വിമാനത്താവളത്തില്‍ അദ്ദേഹത്തെ സ്വീകരിച്ചു. വിമാനത്താവളത്തില്‍ നിന്ന് പുത്തരിക്കണ്ടം മൈതാനത്തേക്ക് റോഡ് ഷോ ആയാണ് അദ്ദേഹം യാത്രപോയത്. കനത്ത സുരക്ഷയാണ് തലസ്ഥാനത്ത് സജ്ജമാക്കിയിരിക്കുന്നത്. മോദിയെ കാണാന്‍ റോഡിന്റെ ഇരുവശത്തുമായി തടിച്ചുകൂടിയിട്ടുണ്ട്. അവര്‍ മോദിയെ പുഷ്പവൃഷ്ടി ചെയ്ത് വരവേറ്റു. എല്ലാവരേയും കൈവീശിക്കാട്ടി പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു.
ഔദ്യോഗിക വേദിയില്‍ വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനം നടക്കും. കൂടാതെ അമൃത് ഭാരത് ട്രെയിനുകളുടെ ഫ് ളാഗ് ഓഫും ഇന്നവേഷന്‍ ടെക്‌നോളജി ആന്‍ഡ് ഓന്‍ട്രണര്‍ഷിപ്പ് ഹബ്ബിന്റെ തറക്കല്ലിടിലും പ്രധാനമന്ത്രി നിര്‍വഹിക്കും. കേരളത്തിനുള്ള അതിവേഗ റെയില്‍ പാതയും പ്രധാനമന്ത്രി പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്.
നാല് ട്രെയിനുകള്‍ ഫ് ളാഗ് ഓഫ് ചെയ്യും. തലസ്ഥാന നഗരത്തെ ദക്ഷിണേന്ത്യയിലെ പ്രധാന 3 നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന അമൃത് ഭാരത് പ്രതിവാര ട്രെയിനുകളും തൃശൂര്‍-ഗുരുവായൂര്‍ പാസഞ്ചറും പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും. തിരുവനന്തപുരത്തു നിന്നു ചെന്നൈ താംബരം, ചെര്‍ലാപ്പള്ളി (ഹൈദരാബാദ്) എന്നിവിടങ്ങളിലേക്കും നാഗര്‍കോവിലില്‍ നിന്നു തിരുവനന്തപുരം വഴി മംഗളൂരു ജംക്ഷനിലേക്കുമാണ് അമൃത് ഭാരത് സര്‍വീസുകള്‍ വരുന്നത്. പുത്തരിക്കണ്ടം മൈതാനത്തെ പ്രധാന വേദിയില്‍ ഉദ്ഘാടനച്ചടങ്ങ് നടക്കുന്നതോടൊപ്പം തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷന്‍, തിരുവനന്തപുരം നോര്‍ത്ത്, തൃശൂര്‍ എന്നിവിടങ്ങളിലും ചടങ്ങുകള്‍ നടക്കും. തിരുവനന്തപുരം സെന്‍ട്രലില്‍ കേന്ദ്രമന്ത്രി വി.സോമണ്ണ, തൃശൂരില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവര്‍ മുഖ്യാതിഥികളാകും.
താംബരം, മംഗളൂരു അമൃത് ഭാരത് ട്രെയിനുകള്‍ തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നും തിരുവനന്തപുരം ചെര്‍ലാപ്പള്ളി അമൃത് ഭാരത് ട്രെയിന്‍ തിരുവനന്തപുരം നോര്‍ത്തില്‍ നിന്നുമാണു ഉദ്ഘാടന സര്‍വീസ് നടത്തുക. 11 ജനറല്‍ കോച്ചുകളും 8 സ്ലീപ്പര്‍ കോച്ചുകളും വീതമാണ് ഇവയ്ക്കുള്ളത്. 1740 പേര്‍ക്കു യാത്ര ചെയ്യാന്‍ കഴിയും.








