കൊച്ചി: ട്വന്റി 20 എന്‍ഡിഎയില്‍ ചേര്‍ന്നതില്‍ പ്രതിഷേധിച്ച് ഒരുവിഭാഗം ഭാരവാഹികള്‍ പാര്‍ട്ടിവിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് റസീന പരീത്, ഐക്കരനാട് ഗ്രാമപഞ്ചായത്ത് മുന്‍ അംഗം ജീല്‍ മാവേലില്‍, മഴുവന്നൂര്‍ പഞ്ചായത്ത് മുന്‍ കോ-ഓര്‍ഡിനേറ്റര്‍ രഞ്ജു പുളിഞ്ചോടന്‍ എന്നിവരാണ് ട്വന്റി 20 വിട്ടത്. ട്വന്റി 20 എന്‍ഡിഎയുമായി കൈകൊടുത്തതില്‍ പ്രതിഷേധിച്ച് രാജിവച്ച് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി മൂന്നുപേരും സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
യാതൊരു കൂടിയാലോചനയും ഇല്ലാതെയാണ് സാബു എം ജേക്കബ് എന്‍ഡിഎയുടെ ഭാഗമാകാന്‍ തീരുമാനിച്ചതെന്ന് ഇവര്‍ ആരോപിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ പാര്‍ട്ടി വിട്ടു വരുമെന്നും ഇവര്‍ പറഞ്ഞു. ബിജെപിയിലേക്കുള്ള റിക്രൂട്ടിങ് ഏജന്‍സിയായി ട്വന്റി 20 മാറിയെന്നു റസീന പരീത് പറഞ്ഞു. ആനുകൂല്യങ്ങള്‍ നല്‍കാന്‍ ലോയല്‍റ്റി കാര്‍ഡ് നല്‍കുമെന്ന് പറഞ്ഞ് സാബു എം ജേക്കബ് സര്‍വേ നടത്തി. പാവപ്പെട്ടവര്‍ക്ക് സബ്‌സിഡി നല്‍കാനെന്ന പേരില്‍ കൊണ്ടുവന്ന കാര്‍ഡിനു വേണ്ടിയുള്ള ഫോറത്തില്‍ ജാതി, മത കോളങ്ങള്‍ പൂരിപ്പിക്കാനുണ്ടായിരുന്നു, അതു ബിജെപിയിലേക്കു പോവുന്നതിനുള്ള മുന്നൊരുക്കമായിരുന്നെന്നും ഇവര്‍ ആരോപിച്ചു.
ഏതെങ്കിലും പാര്‍ട്ടിയില്‍ ലയിക്കേണ്ടി വന്നാല്‍ ട്വന്റി 20 പിരിച്ചു വിടുമെന്നാണ് സാബു നേരത്തെ പറഞ്ഞത്. സര്‍വേ നടത്തിയെന്നല്ലാതെ കാര്‍ഡ് ആര്‍ക്കും നല്‍കിയിട്ടില്ല. ബിജെപിയുമായി ചേര്‍ന്ന ട്വന്റി 20ക്കല്ല ജനം വോട്ട് ചെയ്തത്. ഇത് ജനങ്ങളോടുള്ള വഞ്ചനയാണ്. സാബു എം ജേക്കബ് ബിജെപിയുമായി ചേര്‍ന്ന് വര്‍ഗീയത പരത്തുകയാണെന്ന് കോണ്‍ഗ്രസ് നേനതാവ് വി. പി സജീന്ദ്രന്‍ ആരോപിച്ചു. സാബു എം ജേക്കബിന്റെ ആ പരിപ്പ് ഇവിടെ വേവില്ല. കിറ്റ് കൊടുത്ത് പാവങ്ങളെ പറ്റിച്ചാണ് സാബു ഇത്രകാലം പിടിച്ചു നിന്നത്. തന്റെ ബിസിനസ് അവതാളത്തിലായപ്പോള്‍ സാബു ബിജെപിലേക്ക് ചാടി.
വരും ദിവസങ്ങളില്‍ സാബുവിന്റെ കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുന്നത് കാണാം. സാബു ഇനി കമ്പനി തൊഴിലാളികളെ വെച്ച് ശക്തി പ്രകടനം നടത്തേണ്ടി വരും. ട്വന്റി 20യില്‍ നിന്ന് സാമ്പത്തിക ആനുകൂല്യങ്ങള്‍ കിട്ടുന്നവര്‍ മാത്രമേ അവിടെ നില്‍ക്കുവെന്നും ബാക്കിയുള്ളവർ മാറുമെന്നും വി.പി സജീന്ദ്രന്‍ ആരോപിച്ചു.
നാലുമാസമായി ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ നടത്തിയ രഹസ്യ നീക്കത്തിനൊടുവിലാണു ട്വന്റി 20 എന്‍ഡിഎയില്‍ എത്തിയതെന്നാണു വിവരം. കഴിഞ്ഞദിവസമാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. നശിപ്പിക്കാന്‍ ശ്രമിച്ചവരോടുള്ള വാശിയാണ് തീരുമാനത്തിനു പിന്നില്‍. ഇന്ത്യയില്‍ ഏറ്റവും വികസനമുണ്ടാക്കിയ പാര്‍ട്ടി ബിജെപിയാണെന്നും അതുകൊണ്ടാണ് എന്‍ഡിഎയില്‍ ചേരുന്നതെന്നുമായിരുന്നു സാബു എം.ജേക്കബ് പറഞ്ഞത്.







