പയ്യന്നൂർ: പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച കേസില്‍ പിടിയിലായ യുവാവ് പൊലീസ് ജീപ്പിന്റെ ചില്ല് തല കൊണ്ട് ഇടിച്ചുതകര്‍ത്തു. കാട്ടാമ്പള്ളി ആയുര്‍വേദ ആശുപത്രിക്ക് സമീപത്തെ ഫാത്തിമ ക്വാര്‍ട്ടേഴ്‌സില്‍ എം. പരമശിവം (30)ആണ് അക്രും നടത്തിയത്. വ്യാഴാഴ്ച രാത്രി 8.10 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. ഇയാളുടെ താമസസ്ഥലത്തിനടുത്തുള്ള ബന്ധുവീട്ടില്‍ എത്തിയ 11കാരിയെയാണ് ഉപദ്രവിക്കാന്‍ ശ്രമിച്ചത്. സമീപത്ത് ആരുംഇല്ലാത്ത സമയം കുട്ടിയെ എടുത്തുയര്‍ത്തുകയും ഉപദ്രവിക്കാന്‍ ശ്രമിക്കുകയുമായിരുന്നത്രെ. കുതറിമാറി നിലവിളിച്ച് കൊണ്ട് ഓടി രക്ഷപ്പെട്ട പെണ്‍കുട്ടി മറ്റുള്ളവരോട് കാര്യം പറഞ്ഞു.വിവരമറിഞ്ഞ വളപട്ടണം പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. ഇതിനിടെ പ്രകോപിതനായ യുവാവ് പൊലീസ് വാഹനത്തിന്റെ വലതുവശത്തെ ഗ്ലാസ് തല കൊണ്ട് ഇടിച്ച് തകര്‍ക്കുകയായിരുന്നു. ജില്ല ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് എത്തിച്ചപ്പോള്‍ മദ്യലഹരിയിലായിരുന്ന ഇയാൾ ഡോക്ടറുടെ കാബിനും തകര്‍ത്തു. എസ്.ഐ: പി. ഭാസ്‌കരന്‍ നായരുടെ പരാതിയില്‍ പൊലീസ് കേസടുത്ത് അന്വേഷണം ആരംഭിച്ചു.
നിരവധി കേസുകളില്‍ പ്രതിയാണ് പരമശിവം. എസ്.ഐ: സുജിത്ത്, എ.എസ്.ഐ ഷാജി, പൊലീസുകാരായ സുമിത്ത്, പ്രജിത്ത്, ജിജേഷ്, വിജേഷ്, ഡ്രൈവര്‍ ജോര്‍ജ് എന്നിവരും പരമശിവത്തെ പിടികൂടിയ പൊലീസ് സംഘത്തിലുണ്ടായിരുന്നു.







