കാസര്‍കോട്: മഞ്ചേശ്വരം റെയില്‍വെ ട്രാക്കിനു സമീപത്ത് ട്രെയിന്‍ തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞു. ബേഡഡുക്ക, നെടുംബ, കാനത്തിലെ തെയ്യം കലാകാരന്‍ കരിയന്‍ കലേപ്പാടിയുടെ മകന്‍ മാധവന്‍ (56) ആണ് മരിച്ചത്. മംഗല്‍പ്പാടി താലൂക്കാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം കണ്ടാണ് മകന്‍ മാധവനെ തിരിച്ചറിഞ്ഞത്. ഞായറാഴ്ച വൈകുന്നേരം മൂന്നര മണിയോടെയാണ് മഞ്ചേശ്വരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. തിരിച്ചറിയാന്‍ കഴിയാഞ്ഞതിനാല്‍ മംഗല്‍പ്പാടി താലൂക്കാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.
ഇതിനിടയിലാണ് മഞ്ചേശ്വരത്ത് താമസിക്കുന്ന മകന്‍ സുരേഷ് പിതാവിനെ കാണില്ലെന്ന പരാതിയുമായി വ്യാഴാഴ്ച വൈകുന്നേരം മഞ്ചേശ്വരം പൊലീസ് സ്റ്റേഷനില്‍ എത്തിയത്. സംശയം തോന്നിയ ഇന്‍സ്‌പെക്ടര്‍ പി അജിത്ത് കുമാര്‍, മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹത്തിന്റെ ഫോട്ടോകള്‍ സുരേഷിനു കാണിച്ചു കൊടുത്തു. വസ്ത്രം കണ്ട ശേഷം പിതാവിന്റെ മൃതദേഹമാണെന്ന സംശയം സുരേഷ് പ്രകടിപ്പിച്ചു. തുടര്‍ന്ന് സുരേഷിനെ മോര്‍ച്ചറിയില്‍ എത്തിച്ച് മൃതദേഹം കാണിച്ചതോടെയാണ് മരിച്ചത് മാധവന്‍ ആണെന്ന് സ്ഥിരീകരിച്ചത്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് പറഞ്ഞു.
മാധവന്റെ ഭാര്യ ജയന്തിയും മക്കളും മഞ്ചേശ്വരത്താണ് താമസം. ബേഡകത്തെ സഹോദരന്റെ വീട്ടില്‍ താമസിക്കുന്ന മാധവന്‍ ഇടയ്ക്കിടെ മഞ്ചേശ്വരത്തെത്തി മടങ്ങുകയാണ് പതിവ്. ഞായറാഴ്ച ബേഡകത്തേയ്ക്ക് മടങ്ങിപ്പോകുന്നതിനിടയില്‍ മാധവന്‍ അപകടത്തില്‍പ്പെടുകയായിരുന്നുവെന്നു സംശയിക്കുന്നു. മക്കള്‍: സുരേഷ്, ഗണേഷ്, ഉഷ, സുമ, സുമി, ശുഭ, ഉദയകുമാര്‍, സുഷ്മിത, നിഷ്മിത.







