മംഗളൂരു: വിദ്വേഷ പ്രസംഗ കേസിൽ ആർഎസ്എസ് നേതാവ് ഡോ.കല്ലട്ക പ്രഭാകർ ഭട്ടിനെതിരെ യാതൊരു നിർബന്ധിത നടപടിയും സ്വീകരിക്കരുതെന്ന് കർണാടക ഹൈക്കോടതി പുത്തൂർ റൂറൽ പൊലീസിനോട് നിർദ്ദേശിച്ചു.
പുത്തൂർ താലൂക്കിലെ ഉപ്പലിഗെ ദീപോത്സവ പരിപാടിയിൽ ഭട്ട് വിദ്വേഷ പ്രസംഗം നടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട കേസിലാണിത് .
ഈശ്വരി പദ്മുഞ്ചയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡോ. പ്രഭാകർ ഭട്ട് (83) സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് എം. നാഗ പ്രസന്ന ഈ നിർദ്ദേശം പുറപ്പെടുവിച്ചത്.
ഹർജിക്കാരന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അരുൺ ശ്യാം, കോടതി നേരത്തെ നിർദ്ദേശിച്ച പ്രകാരം ഭട്ട് നടത്തിയതായി ആരോപിക്കപ്പെടുന്ന പ്രസംഗത്തിന്റെ ട്രാൻസ്ക്രിപ്റ്റ് കോടതിയിൽ സമർപ്പിച്ചു. അഡീഷണൽ സ്റ്റേറ്റ് പബ്ലിക് പ്രോസിക്യൂട്ടർ അസ്മ കൗസർ പ്രസംഗത്തിന്റെ 42 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ റെക്കോർഡിംഗ് അടങ്ങിയ പെൻഡ്രൈവും സമർപ്പിച്ചു.
പ്രസംഗത്തിന്റെ ട്രാൻസ്ക്രിപ്റ്റും വീഡിയോ റെക്കോർഡിംഗും സ്വീകരിച്ച ശേഷം, കൂടുതൽ നടപടികളുമായി മുന്നോട്ടുപോകുന്നതിനുമുമ്പ് പ്രസംഗത്തിന്റെ ഉള്ളടക്കം പരിശോധിക്കുമെന്ന് കോടതി അറിയിച്ചു. കേസ് ഫെബ്രുവരി അഞ്ചിലേക്ക് മാറ്റിവെച്ച ബെഞ്ച് അതുവരെ ഹർജിക്കാരനെതിരെ നിർബന്ധിത നടപടികൾ സ്വീകരിക്കരുതെന്ന് നിർദ്ദേശിച്ചു.
വാദം കേൾക്കുന്നതിനിടെ, ഹർജിക്കാരൻ ഇതിനകം ജാമ്യത്തിലാണെന്നും അദ്ദേഹത്തിനെതിരെ നിലവിൽ നിർബന്ധിത നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും അസ്മ കൗസർ കോടതിയെ അറിയിച്ചു. എന്നാൽ സമാനമായ ആരോപണങ്ങളിൽ അടുത്തിടെ ഹർജിക്കാരനെതിരെ മറ്റൊരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അത്തരം സംഭവങ്ങൾ തുടരുന്നതായി തോന്നുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി. ഹർജിക്കാരൻ ജാമ്യ വ്യവസ്ഥകൾ ലംഘിക്കുകയാണെന്നും അവർ ആരോപിച്ചു.
ഹർജിക്കാരൻ ജാമ്യ വ്യവസ്ഥകൾ ലംഘിക്കുകയാണെങ്കിൽ, ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ സമർപ്പിക്കാൻ പ്രോസിക്യൂഷന് സ്വാതന്ത്ര്യമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. തുടർന്ന് കേസ് മാറ്റിവച്ചു.
ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 20 ന് ഉപ്പളിഗെയിൽ സംഘടിപ്പിച്ച ദീപോത്സവ പരിപാടിയിൽ പ്രഭാകർ ഭട്ട് മതവികാരം വ്രണപ്പെടുത്തുന്ന, സ്ത്രീകളെ അപമാനിക്കുന്ന, സമുദായങ്ങൾക്കിടയിൽ വിദ്വേഷം വളർത്തുന്ന പ്രസ്താവനകൾ നടത്തിയതായാണ് ഒക്ടോബർ 25 ന് പുത്തൂർ റൂറൽ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ ഈശ്വരി പദ്മുഞ്ച് ആരോപിച്ചത്.







