കാസര്‍കോട്: ബൈക്കില്‍ സഞ്ചരിച്ച് ക്ഷേത്ര ഭണ്ഡാരങ്ങള്‍ കവര്‍ച്ച ചെയ്ത് പൊലീസിന്റെയും വിശ്വാസികളുടെയും ഉറക്കം കെടുത്തിയ സംഘത്തെ തിരിച്ചറിഞ്ഞു. സംഘത്തെ പിടികൂടുന്നതോടെ നിരവധി ക്ഷേത്ര ഭണ്ഡാര മോഷണ കേസുകള്‍ക്ക് തുമ്പായേക്കും. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കൂട്ടപ്പുന്ന കേന്ദ്രീകരിച്ച് ഹൊസ്ദുര്‍ഗ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കവര്‍ച്ചാ സംഘത്തെ തിരിച്ചറിഞ്ഞത്. സംഘത്തെ വെള്ളിയാഴ്ച വൈകുന്നേരത്തോടെ അറസ്റ്റു ചെയ്യാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രാവണീശ്വരം പെരും തൃക്കോവിലപ്പന്‍ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ നടന്ന ഭണ്ഡാര കവര്‍ച്ചയോടെയാണ് സംഘത്തെക്കുറിച്ചുള്ള കൃത്യമായ വിവരം പൊലീസിനു ലഭിച്ചത്.
പെരും തൃക്കോവിലപ്പന്‍ ക്ഷേത്രത്തിലെ പൂജാരി വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നര മണിയോടെ ക്ഷേത്രത്തിലെത്തിയിരുന്നു. ഒരു വീട്ടില്‍ നടക്കുന്ന ഗണപതി ഹോമത്തിനുള്ള പൂജാ സാമഗ്രികള്‍ എടുക്കാനെത്തിയതായിരുന്നു പൂജാരി. കൂടെ ഗണപതിഹോമം നടത്തേണ്ട വീട്ടിലെ ആളും ഉണ്ടായിരുന്നു. ഈ സമയത്ത് ക്ഷേത്രത്തിനു മുന്നില്‍ ഒരു ബൈക്ക് നിര്‍ത്തിയിട്ട നിലയില്‍ കണ്ടു. സംശയം തോന്നി വണ്ടിയുടെ നമ്പര്‍ ഇരുവരും കുറിച്ചുവച്ചു. ഇതിനിടയില്‍ രണ്ടു പേര്‍ നടന്നു വരുന്നതു കണ്ടു. എവിടെ പോകുന്നുവെന്നു ചോദിച്ചപ്പോള്‍ വണ്ടി തകരാറിലായി എന്നാണ് ഇരുവരും പൂജാരിയോടും കൂടെ ഉണ്ടായിരുന്ന ആളോടും പറഞ്ഞത്. തൊട്ടുപിന്നാലെ ഇരുവരും ബൈക്ക് സ്റ്റാര്‍ട്ടാക്കി അമിത വേഗതയില്‍ ഓടിച്ചു പോയി. പൂജാരി ക്ഷേത്രത്തിനു അകത്ത് എത്തിയപ്പോഴാണ് ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന നിലയില്‍ കണ്ടത്. വിവരം ക്ഷേത്ര ഭാരവാഹികളെയും പൊലീസിനെയും അറിയിച്ചു. പൊലീസിന് ബൈക്കിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഉടമ പൊയ്‌നാച്ചിക്കു സമീപത്തെ കൂട്ടപ്പുന്ന സ്വദേശിയാണെന്നു തിരിച്ചറിഞ്ഞു. ഇയാളെ പൊലീസ് കണ്ടെത്തി ചോദ്യം ചെയ്തപ്പോള്‍ മറ്റൊരാള്‍ക്ക് ഓടിക്കാന്‍ കൊടുത്തതാണെന്നാണ് മൊഴി നല്‍കിയത്. തൊട്ടുപിന്നാലെ ബൈക്ക് ഓടിക്കാന്‍ വാങ്ങിയ ആളെ കണ്ടെത്തി. ഉദുമയ്ക്ക് സമീപത്ത് നടന്ന ഒരു തെയ്യം കെട്ട് ഉത്സവം കാണാന്‍ പോയപ്പോള്‍ സുഹൃത്തായ ഒരാള്‍ ബൈക്ക് വാങ്ങിയിരുന്നതായാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. ബൈക്കു കൊണ്ടു പോയ ആളെ കണ്ടെത്തിയാല്‍ അടുത്തിടെ നടന്ന നിരവധി ഭണ്ഡാര കവര്‍ച്ചാ കേസുകാര്‍ക്ക് തുമ്പാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. മഡിയന്‍ കൂലോം, ദേവന്‍പൊടിച്ചപാറ അര്‍ദ്ധനാരീശ്വര ക്ഷേത്രം, പനയാല്‍ കളിങ്ങോം തറവാട്, പടിഞ്ഞാറെക്കര വയനാട്ടുകുലവന്‍ ദൈവസ്ഥാനം എന്നിവിടങ്ങളില്‍ അടുത്തിടെ ഭണ്ഡാര കവര്‍ച്ച നടന്നിരുന്നു.







