പൊറോട്ടയ്ക്കൊപ്പം സൗജന്യമായി ഗ്രേവി നല്‍കിയില്ല, പിന്നെ നടന്നത് തല്ലുമാല; ഹോട്ടലുടമയ്ക്കും ഭാര്യക്കും പരിക്ക്

കൊച്ചി: ഹോട്ടലില്‍ പൊറോട്ടയ്‌ക്കൊപ്പം സൗജന്യ ഗ്രേവി നല്‍കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. ഞായറാഴ്ച വൈകിട്ട് ഏഴു മണിയോടെ വൈപ്പിന്‍ എടവനക്കാട് അണിയല്‍ മാര്‍ക്കറ്റിലാണ് സംഭവം. പരിക്കേറ്റ ഹോട്ടല്‍ ഉടമ സുബൈറിന്റെയും ഭാര്യയുടേയും പരാതിയില്‍ പൊലീസ് കേസെടുത്തു. ഹോട്ടലില്‍ നിന്നു പൊറോട്ട വാങ്ങിയ സമീപവാസിയായ ജിബി എന്ന യുവാവ് ഇതിനൊപ്പം ഗ്രേവിയും ആവശ്യപ്പെട്ടിരുന്നു. ഗ്രേവിക്ക് 20 രൂപ നല്‍കണമെന്ന് ഉടമയുടെ ഭാര്യ ജുമൈലത്ത് പറഞ്ഞതോടെ യുവാവ് തര്‍ക്കം തുടങ്ങി. ഇതുകണ്ട സുബൈറും പ്രശ്‌നത്തില്‍ ഇടപെട്ടു. പഴകിയ പൊറോട്ടയാണ് തനിക്ക് തന്നതെന്ന് യുവാവ് പറഞ്ഞതോടെ ഉടമ അതിനെ എതിര്‍ത്ത് സംസാരിച്ചു. ഇതോടെ വാക്കേറ്റം പരസ്പരം അടിയിലേക്ക് വഴിമാറി. കൂടുതല്‍ ആളുകള്‍ സ്ഥലത്തെത്തി അക്രമിയെ പിടിച്ചുമാറ്റിയതോടെ സംഘര്‍ഷം അവസാനിച്ചു. ഭര്‍ത്താവിനെ കടയില്‍ നിന്നു പുറത്തേക്കു വലിച്ചിട്ട് കൈയില്‍ സൂക്ഷിച്ചിരുന്ന വസ്തു കൊണ്ട് പുരികത്തില്‍ കുത്തിയെന്നും ശരീരത്തിന്റെ പല ഭാഗത്തും മര്‍ദിച്ചെന്നും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ഇരുവരും ആശുപത്രിയില്‍ ചികിത്സ തേടി. പ്രതിയെ പിടികൂടാത്തതിനെ തുടര്‍ന്ന് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രകടനം നടത്തി. ജിബിയെ മൊഴിയെടുക്കാന്‍ വിളിപ്പിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page