കണ്ണൂർ: തയ്യിലിൽ ഒന്നര വയസ്സുകാരനെ കടലിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ കോടതി കുറ്റക്കാരിയെന്ന് കണ്ടെത്തിയ അമ്മ ശരണ്യയ്ക്ക് ഇന്ന് ശിക്ഷ വിധിക്കും. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി കെ എൻ പ്രശാന്താണ് ശിക്ഷാവിധി പറയുക. പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്. തെളിവുകളുടെ അഭാവത്തില്‍ ശരണ്യയുടെ സുഹൃത്ത് നിധിനെ കോടതി വെറുതെ വിട്ടിരുന്നു. ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി ഒന്നാം പ്രതിയായ ശരണ്യ കുറ്റക്കാരി എന്ന് വിധിച്ചത്. മറ്റൊരാളുമായി അടുപ്പത്തിലായിരുന്നതിനാലാണ് കുഞ്ഞിനെ ഒഴിവാക്കാൻ ശരണ്യ തീരുമാനിച്ചത്. ഇയാളെ വിവാഹം ചെയ്യാനായി കുഞ്ഞിനെ ഒഴിവാക്കുകയായിരുന്നുവെന്ന് പൊലീസ് പിന്നീട് കണ്ടെത്തി.2020 ഫെബ്രുവരി 17 നാണ് കേസിന് ആസ്പദമായ സംഭവം. കണ്ണൂർ തയ്യിൽ കടപ്പുറത്തെ ശരണ്യ ഒന്നര വയസ്സുകാരനായ മകൻ വിയാനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു. പുലര്‍ച്ചെ കുഞ്ഞിനെ കടലിനടുത്തുള്ള പാറക്കൂട്ടത്തില്‍ എറിഞ്ഞു കൊല്ലുകയും പിന്നീട് വീട്ടിലേക്ക് വന്ന് കിടന്നുറങ്ങുകയുമായിരുന്നു.രാവിലെ കുഞ്ഞിനെ കാണാനില്ലെന്ന് തൻ്റെ ഭര്‍ത്താവിനോട് പറഞ്ഞു. ഭര്‍ത്താവുമായി അകന്നു കഴിഞ്ഞിരുന്ന ശരണ്യ, കൊലപാതക കുറ്റം അച്ഛൻ പ്രണവിന്റെ തലയിൽ കെട്ടിവയ്ക്കാനായി തലേന്ന് ഇയാളെ വീട്ടിലേക്കു വിളിച്ചുവരുത്തുകയും ചെയ്തിരുന്നു. ചോദ്യം ചെയ്യലിനൊടുവിലാണ് ശരണ്യ കുറ്റം സമ്മതിക്കുന്നതും അറസ്റ്റിലാകുന്നതും. കേസിൻ്റെ വിചാരണയ്ക്കിടെ കോഴിക്കോട് വച്ച് ശരണ്യ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.







