വഴിയരികില്‍ ഉപേക്ഷിച്ച സിറിഞ്ചുകള്‍ കാലില്‍ കുത്തിക്കയറി 13കാരന് പരിക്ക്; 6 മാസം നിരീക്ഷണം; കുടുംബംആശങ്കയില്‍

പാലക്കാട്: വഴിയരികില്‍ ഉപേക്ഷിച്ച സിറിഞ്ചുകള്‍ കാലില്‍ കുത്തിക്കയറി 13കാരന് പരിക്കേറ്റു. പാലക്കാട് മേപ്പറമ്പ് ജംഗ്ഷനിലെ വഴിയരികില്‍ ഉപേക്ഷിച്ചിരുന്ന സിറിഞ്ചുകളാണ് കുട്ടിയുടെ കാലില്‍ കുത്തിക്കയറിയത്. പരിക്കേറ്റ 13കാരന്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി ചികിത്സ തേടി.

മകന് ആറുമാസം നിരീക്ഷണം വേണമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നതെന്ന് പിതാവ് പറഞ്ഞു. മകന്റെ ഭാവിയില്‍ ആശങ്കയുണ്ട്. ആദ്യഘട്ടത്തില്‍ തന്നെ ഒമ്പത് പരിശോധനകള്‍ നടത്തി. രക്തപരിശോധനയില്‍ കുഴപ്പമില്ലെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. എന്നാല്‍ മകന്റെ കാര്യത്തില്‍ ആശങ്കയുണ്ടെന്ന് പിതാവ് പറഞ്ഞു.

വഴിയോരത്ത് സിറിഞ്ചുകള്‍ കണ്ട സംഭവത്തില്‍ പൊലീസും ആരോഗ്യവകുപ്പും അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും ആശുപത്രി, ക്ലിനിക്കുകള്‍ കേന്ദ്രീകരിച്ചുമാണ് അന്വേഷണം നടത്തുന്നത്. ലഹരി സംഘം ഉപേക്ഷിച്ച സിറിഞ്ചുകളാണ് ഇവയെന്നാണ് പൊലീസ് സംശയിക്കുന്നത്.

സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും വഴിയരികില്‍ നിന്ന് സിറിഞ്ച് മാറ്റിയിട്ടില്ലെന്നും പരാതി നല്‍കിയിട്ടും നടപടിയെടുക്കുന്നില്ലെന്നും കുട്ടിയുടെ പിതാവ് ആരോപിച്ചു. ഇനിയൊരു കുട്ടിക്കും ഇത്തരത്തിലുള്ള അനുഭവം ഉണ്ടാകാതിരിക്കാന്‍ നടപടി വേണമെന്നും പിതാവ് ആവശ്യപ്പെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page