മൈസൂര്‍ : പയ്യന്നൂര്‍ സ്വദേശി പാര്‍ട്ണറായ ഹുന്‍സൂറിലെ ജ്വല്ലറിയില്‍ നിന്നു പട്ടാപ്പകല്‍ 10 കോടി രൂപയുടെ സ്വര്‍ണ്ണം കൊള്ളയടിച്ച സംഘത്തിലെ രണ്ടു പേരെ കര്‍ണാടക പൊലീസ് അതിസാഹസികമായി ബിഹാറില്‍ നിന്നു അറസ്റ്റ് ചെയ്തു.
ഇക്കഴിഞ്ഞ ഡിസംബര്‍ 28ന് പട്ടാപ്പകല്‍ രണ്ടു മണിയോടെ മുഖമൂടി ധരിച്ച അഞ്ചു തോക്കുധാരികള്‍ ജ്വല്ലറിയില്‍ കയറി ജീവനക്കാരെ തോക്കിന്‍ മുനയില്‍ നിറുത്തിയ ശേഷം 8.32 കിലോഗ്രാം സ്വര്‍ണ്ണാഭരണങ്ങള്‍ കൊള്ളയടിക്കുകയായിരുന്നു. ജല്ലറി പാര്‍ട്ണറായ പയ്യന്നൂര്‍ സ്വദേശി സൈനുദ്ദീന്റെ പരാതിയില്‍
ദര്‍ഭംഗഖരാരിയിലെ ഋഷികേശ് സിങ് എന്ന പത്തല്‍ സിങ് എന്ന ഛോട്ടു സിങ് (40), ഭഗല്‍പൂര്‍ പക്രയിലെ പങ്കജ് കുമാര്‍ എന്ന സട്ടുവ(39) എന്നിവരാണ് അറസ്റ്റിലായത്.
ബീഹാര്‍ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സിന്റെ ബാങ്ക് ആന്‍ഡ് ജ്വല്ലറി സെല്ലും കര്‍ണാടക പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് പ്രതികളെ പിടികുടിയത്.
പ്രതികളില്‍ നിന്ന് ഇരുചക്ര വാഹനം, 92,000 രൂപ, 12.5 ഗ്രാം തൂക്കമുള്ള മോഷ്ടിച്ച സ്വര്‍ണ്ണ മാല, സ്വര്‍ണ്ണ മോതിരം, ജ്വല്ലറിയുടെ ലോഗോ പതിച്ച ആഭരണ സംഭരണ പെട്ടി, കുറ്റകൃത്യത്തിന് ഉപയോഗിച്ച ബുള്ളറ്റ് ബൈക്ക് എന്നിവ പൊലീസ് പിടിച്ചെടുത്തു. പ്രതികള്‍ ബീഹാറില്‍ ഉണ്ടെന്നു സൂചന ലഭിച്ചതിനെത്തുടര്‍ന്ന് ഹുന്‍സൂര്‍ ഇന്‍സ്‌പെക്ടര്‍മാരായ ആര്‍. സന്തോഷ് കശ്യപ്, ടി.എം. പുനീത്, സബ് ഇന്‍സ്‌പെക്ടര്‍ അജയ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ ബിഹാറിലേക്ക് അയക്കുകയായിരുന്നു.
മുഖ്യപ്രതി പങ്കജ് കുമാര്‍ ബീഹാറില്‍ ഒരേക്കര്‍ സ്ഥലത്ത് വീട് പണിതിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കൊള്ള, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍, ആയുധ നിയമത്തിലെ സെക്ഷന്‍ 3, 25 വകുപ്പുകള്‍, നിയമവിരുദ്ധമായി തോക്കുകള്‍ കൈവശം വയ്ക്കല്‍ എന്നിവയനുസരിച്ചാണ് കേസെടുത്തിട്ടുള്ളത്.
കവര്‍ച്ചക്കു മുമ്പ് ജയ്പൂര്‍, വിശാഖപട്ടണം, മൈസൂരു എന്നിവിടങ്ങളില്‍ കൊള്ളസംഘം രഹസ്യാന്വേഷണം നടത്തിയിരുന്നു. കുറ്റകൃത്യം നടപ്പിലാക്കുന്നതില്‍ പങ്കജ് കുമാറിന് സഹായം ലഭിച്ചിട്ടുണ്ടെന്നും മറ്റ് സംഘാംഗങ്ങളെ കണ്ടെത്തുന്നതിനും മോഷ്ടിച്ച ബാക്കി സ്വര്‍ണ്ണം വീണ്ടെടുക്കുന്നതിനും കൂടുതല്‍ അന്വേഷണം തുടരുകയാണെന്നു പൊലീസ് പറഞ്ഞു.
കൊലപാതകശ്രമം, കവര്‍ച്ച, ആയുധ നിയമ ലംഘനം തുടങ്ങിയ കുറ്റങ്ങള്‍ ഉള്‍പ്പെടെ പങ്കജ് കുമാറിനെതിരെ ബീഹാര്‍, ഝാര്‍ഖണ്ഡ്, കര്‍ണാടക, രാജസ്ഥാന്‍ എന്നിവിടങ്ങളിലായി 16 കേസുകളെങ്കിലും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഋഷികേശ് സിങിനെതിരെ ബിഹാറിലെ പൂര്‍ണിയ, നൗഗച്ചിയ ജില്ലകളിലും ഹുന്‍സൂര്‍ പൊലീസ് സ്റ്റേഷനിലും കൊലപാതകം, കവര്‍ച്ച, ആയുധ നിയമ ലംഘനം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് നാല് കേസുകള്‍ നിലവിലുണ്ട്.







