ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലെത്തിയ 14 കാരന്‍ കാണുന്നത് അലമാര കുത്തി തുറക്കുന്ന മോഷ്ടാവിനെ; കുട്ടിയെ കണ്ടതോടെ ക്രൂര മര്‍ദനം; കള്ളനെ കടിച്ച് പരിക്കേല്‍പ്പിച്ച് വളര്‍ത്തുനായ

ചേര്‍ത്തല: മോഷണം തടസ്സപ്പെടുത്തിയ 14 കാരനെ മോഷ്ടാവ് ക്രൂരമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. ആലപ്പുഴ പൂച്ചാക്കല്‍ ചുരമന വടക്കേ കൈനിക്കര പരേതനായ ബാബുവിന്റെ മകന്‍ ഫെബിനാണ് (14) മര്‍ദ്ദനമേറ്റത്. തൈക്കാട്ടുശേരി എസ്.എം.എസ്.ജെ ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഫെബിന്‍. അമ്മ ഫിയ ജോലിക്ക് പോയ സമയത്ത് കഴിഞ്ഞദിവസമാണ് സംഭവം.

ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ വീട്ടില്‍ അതിക്രമിച്ച് കയറി അലമാര തുറക്കുന്ന കള്ളനെയാണ് ഫെബിന്‍ കാണുന്നത്. ഇതോടെ ബഹളം വച്ച ഫെബിനെ മോഷ്ടാവ് തള്ളിയിട്ടു. പുറത്തേക്ക് ഓടാന്‍ ശ്രമിച്ച കുട്ടിയെ പിടികൂടി കസേര കൊണ്ടും ക്രിക്കറ്റ് ബാറ്റ് കൊണ്ടും ക്രൂരമായി മര്‍ദ്ദിച്ചു. ദേഹത്ത് കയറിയിരുന്ന് ഇടിക്കുകയും കത്തി വീശുകയും ചെയ്തു. മര്‍ദ്ദനത്തിനിടെ ക്രിക്കറ്റ് ബാറ്റ് ഒടിഞ്ഞുപോയി.

മോഷ്ടാവിന്റെ കയ്യില്‍ നിന്ന് രക്ഷപ്പെട്ട് ഫെബിന്‍ വീടിന് പുറത്തേക്ക് ഓടിയപ്പോള്‍ പിന്നാലെ എത്തിയ മോഷ്ടാവിനെ വളര്‍ത്തുനായ വളഞ്ഞിട്ട് കടിച്ചു. നായയെയും ആക്രമിച്ച ശേഷമാണ് മോഷ്ടാവ് രക്ഷപ്പെട്ടത്. മുണ്ടും മുഖംമൂടിയും ധരിച്ചിരുന്ന ഇയാള്‍ ദേഹത്ത് എണ്ണ പുരട്ടിയിരുന്നതായി ഫെബിന്‍ പറഞ്ഞു.

ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് മുട്ടിലിഴഞ്ഞ് വീടിന് പുറത്തെത്തിയ ഫെബിനെ അയല്‍വാസികളാണ് തൈക്കാട്ടുശേരി സി.എച്ച്.സിയിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചത്. ബാറ്റ് കൊണ്ടുള്ള അടിയേറ്റ് ഇടത് കാലിന് പൊട്ടലുണ്ട്. ഫെബിന്റെ അമ്മയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ജില്ലാ പൊലീസ് മേധാവി എം.പി മോഹനചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി. മോഷ്ടാവിന് നായയുടെ കടിയേറ്റതിനാല്‍ ചികിത്സ തേടാന്‍ സാധ്യതയുള്ള ആശുപത്രികളിലേക്ക് വിവരം കൈമാറിയതായി പൊലീസ് അറിയിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും കള്ളന്റെ ദൃശ്യം വ്യക്തമല്ല. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page