കൊച്ചി: വന്ദേഭാരത് യാത്രയ്ക്കിടെ കേരളത്തില്‍ വച്ചുണ്ടായ ദുരനുഭവം പങ്കുവച്ച് യാത്രക്കാരന്‍. വിന്‍ഡോ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് പിന്നാലെയുണ്ടായ സംഭവം സുജില്‍ ചന്ദ്രബോസ് എന്ന യാത്രക്കാരനാണ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പുറംലോകത്തെ അറിയിച്ചത്. കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ഉണ്ടായ സംഭവം ദി ഗ്രേറ്റ് ഇന്ത്യന്‍ മദര്‍ഹുഡ് എന്ന് പറഞ്ഞാണ് സുജില്‍ പുറത്തുവിട്ടത്. സി 11 കോച്ചിലെ 26-27 സീറ്റിലെ യാത്രക്കാരില്‍ നിന്നാണ് ദുരനുഭവം നേരിട്ടതെന്നും സുജില്‍ കുറിപ്പില്‍ വ്യക്തമാക്കുന്നു.
വിന്‍ഡോ സീറ്റ് ബുക്ക് ചെയ്ത യാത്രക്കാരന്‍ സീറ്റിലിരുന്ന യുവതിയോടും മക്കളോടും സീറ്റ് ആവശ്യപ്പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. വിന്‍ഡോ സീറ്റ് താന്‍ ബുക്ക് ചെയ്തതാണെന്നും മാറിയിരിക്കാന്‍ കഴിയില്ലെന്നുമായിരുന്നു സുജിലിന്റെ നിലപാട്. കുടുംബമായി യാത്ര ചെയ്യുന്നതിനാല്‍ ഒന്നിച്ചിരിക്കണമെന്നും ആദ്യമായല്ല ട്രെയിനില്‍ കയറുന്നതെന്നുമായിരുന്നു യുവതിയുടെ മറുപടി.
പിന്നീടങ്ങോട്ടുള്ള യാത്രയ്ക്കിടെ യുവതിയില്‍ നിന്നുള്ള പെരുമാറ്റം ദുസ്സഹമായിരുന്നുവെന്ന് സുജില്‍ പറയുന്നു. യാത്ര തുടങ്ങി അല്‍പം കഴിഞ്ഞപ്പോള്‍ സ്ത്രീയ്‌ക്കൊപ്പമുണ്ടായിരുന്ന കുട്ടി സീറ്റിന് മുന്നില്‍ ആഹാരം വയ്ക്കുന്ന ട്രേയില്‍ കയറി നിന്നു. യുവതി ഇതൊന്നും കാര്യമാക്കാതെ ഫോണില്‍ നോക്കുകയായിരുന്നു. ഇതിനിടെ കുട്ടി വായിലുണ്ടായിരുന്ന വെള്ളം മുന്‍സീറ്റില്‍ ഇരുന്നവരുടെ മേല്‍ ചീറ്റി. അവിടെ ഇരുന്ന മറ്റ് രണ്ട് കുട്ടികള്‍ എഴുന്നേറ്റുവന്ന് യുവതിയോട് പരാതിപ്പെടുകയും കുട്ടിയെ ട്രേയില്‍ നിന്ന് ഇറക്കിനിര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ യുവതി അതൊന്നും ഗൗനിച്ചില്ല. വെള്ളം തുപ്പിയ കുട്ടികളോട് സോറി പറയാനും തയാറായില്ലെന്ന് സുജില്‍ കുറിപ്പില്‍ ചൂണ്ടിക്കാട്ടി.
യാത്ര കുറച്ച് കൂടി നീണ്ടതോടെ യുവതി കുട്ടിയുടെ പാന്റ് അഴിച്ച് ഡയപ്പര്‍ മാറ്റിയ ശേഷം അത് ഇരുന്ന സീറ്റിന് താഴെ ഇട്ടു. യുവതിക്കൊപ്പമുള്ള മകള്‍ ഡയപ്പര്‍ മാറ്റണോയെന്ന് ചോദിച്ചെങ്കിലും ക്ലീനിങ് സ്റ്റാഫ് എടുത്തു കൊള്ളുമെന്നായിരുന്നു മറുപടി. ഇത്രയൊക്കെ സംഭവം നടന്നതിന് പിന്നാലെ കൊല്ലം സ്‌റ്റോപ്പിലെത്തിയപ്പോള്‍ വിന്‍ഡോ സീറ്റ് ഉപേക്ഷിച്ച് താന്‍ മാറിയെന്ന് സുജില്‍ ചന്ദ്രബോസ് പറയുന്നു.
യാത്രയ്ക്കിടയിലെ ദുരനുഭവത്തെക്കുറിച്ച് റെയില്‍വേയ്ക്ക് പരാതി നല്‍കാന്‍ ശ്രമിച്ചെങ്കിലും ആരും പ്രതികരിച്ചില്ലെന്ന് സുജില്‍ ചൂണ്ടിക്കാട്ടുന്നു. പൊതുഗതാഗത സൗകര്യം ഉപയോഗിക്കുമ്പോള്‍ അല്‍പംകൂടി മാന്യമായി പെരുമാറാന്‍ ആളുകള്‍ ശ്രദ്ധിക്കണമെന്ന ആവശ്യത്തോടെയാണ് സുജിലിന്റെ കുറിപ്പ്. നിരവധി പേരാണ് കുറിപ്പിന് സമാനമായ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നത്.







