ചെന്നൈ: തൃഷയ്‌ക്കൊപ്പം സൂര്യാസ്തമയം ചിലവിടുന്ന മനോഹരമായ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച് നയന്‍താര. ചിത്രം പോസ്റ്റുചെയ്ത് നിമിഷങ്ങള്‍ക്കകം തന്നെ വൈറലായി. ചിത്രങ്ങള്‍ ഏറ്റെടുത്ത ആരാധകര്‍ വര്‍ഷങ്ങള്‍ നീണ്ട പിണക്കം ഇരുവരും അവസാനിപ്പിച്ചോ എന്ന ചോദ്യവും ഉയര്‍ത്തി. പിണക്കം മറന്ന് മോളിവുഡ് താരസുന്ദരികള്‍ ഒന്നിച്ചതിലുള്ള സന്തോഷവും അവര്‍ പ്രകടിപ്പിച്ചു.
സൂര്യാസ്തമയത്തിന്റെ പശ്ചാത്തലത്തില്‍ കടല്‍ക്കാറ്റില്‍ നനഞ്ഞു കുതിര്‍ന്ന് പുഞ്ചിരിയോടെ ഇരിക്കുന്ന മനോഹരമായ ചിത്രങ്ങളാണ് നയന്‍താര പങ്കിട്ടത്. കറുത്ത വസ്ത്രങ്ങളില്‍ ഇരുവരും അതിസുന്ദരികളായി കാണപ്പെട്ടു. ചിത്രങ്ങള്‍ക്ക് താഴെ നിരവധി കമന്റുകളാണ് നിറഞ്ഞത്. എ.ഐ സൃഷ്ടയാണെന്നാണ് ഒരു ആരാധകന്‍ അഭിപ്രായപ്പെട്ടത്. നയന്‍ താരയുടെ സമൂഹ മാധ്യമ അക്കൗണ്ട് പരിശോധിച്ചപ്പോള്‍ എ.ഐ സൃഷ്ടി അല്ലെന്ന് ഉറപ്പിച്ചതായും ആരാധകന്‍ പറയുന്നു. ഇതേ അഭിപ്രായം തന്നെയാണ് ഭൂരിഭാഗം പേരും കുറിച്ചത്.
മോളിവുഡിന്റെ സ്വകാര്യ അഹങ്കാരങ്ങളായ തൃഷയും നയന്‍താരയും തമ്മില്‍ അത്ര നല്ല സൗഹൃദത്തില്‍ അല്ലെന്നത് അങ്ങാടിപ്പാട്ടാണ്. ഇരുവരുടേയും അഭിമുഖങ്ങളില്‍ നിന്നുതന്നെ ആരാധകര്‍ അത് തിരിച്ചറിഞ്ഞതുമാണ്. എന്നാല്‍ അതെല്ലാം കാറ്റില്‍ പറത്തിയാണ് ഇപ്പോള്‍ തൃഷയ്‌ക്കൊപ്പമുള്ള മനോഹരമായ സൂര്യാസ്തമയ ചിത്രങ്ങള്‍ നയന്‍താര സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്. ‘തൃഷയില്ലെങ്കില്‍ നയന്‍താര’ എന്നല്ല തൃഷയും നയന്‍താരയും എന്നാണ് കമന്റ് ബോക്‌സിലെ പ്രധാന കമന്റ്. ഇതു വലിയ ട്വിസ്റ്റ് ആയി പോയെന്നു പറയുന്നവരുമുണ്ട്.
വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഒരു അഭിമുഖത്തില്‍ തൃഷ, ശ്രിയ ശരണ്‍ തുടങ്ങിയ സമപ്രായക്കാരുമായുള്ള ‘സൗഹൃദ’ത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ‘ഫ്രണ്ട്‌സ് എന്നത് അലക്ഷ്യമായി ഉപയോഗിക്കാന്‍ പറ്റുന്ന ഒരു വലിയ വാക്കാണ്. ഞാന്‍ തൃഷയുമായി സൗഹൃദത്തിലല്ല. ഞങ്ങള്‍ പരിചയക്കാരാണ്. ഞങ്ങള്‍ക്കിടയില്‍ പ്രശ്നങ്ങളുണ്ടെന്ന് തോന്നുന്നു, സ്ത്രീകള്‍ മറ്റ് സ്ത്രീകളുമായി ഇണങ്ങില്ല എന്ന പഴയ വിശ്വാസം പോലെയാണിത്. പക്ഷേ സത്യം പറഞ്ഞാല്‍, എനിക്ക് അവരുമായോ ആരുമായോ ഒരു പ്രശ്നവുമില്ല,’ എന്നായിരുന്നു നയന്‍താര പറഞ്ഞത്. കാര്യങ്ങള്‍ പരിഹരിക്കാന്‍ താന്‍ മാത്രം ശ്രമിച്ചിട്ടു കാര്യമില്ലെന്നും നയന്‍താര പറഞ്ഞിരുന്നു.
ദിവ്യദര്‍ശിനി എന്ന ഡിഡി നീലകണ്ഠനുമായുള്ള അഭിമുഖത്തില്‍ പിന്നീടൊരിക്കല്‍ പിണക്കം മറന്ന് പരസ്പരം സംസാരിച്ചതിനെ കുറിച്ച് നയന്‍താര പറഞ്ഞിരുന്നു. ‘ഞങ്ങള്‍ മുന്‍പു നല്ല സുഹൃത്തുക്കളായിരുന്നു. പിന്നെ ഒരേ ഇന്‍ഡസ്ട്രിയില്‍ ഇരിക്കുകയല്ലേ, ഞങ്ങള്‍ക്കിടയില്‍ എന്തോ സംഭവിച്ചു. എന്തൊക്കെയോ തെറ്റിദ്ധാരണകള്‍. എന്താണ് പറ്റിയതെന്ന് ഞങ്ങള്‍ക്കു രണ്ടുപേര്‍ക്കും അറിയില്ലായിരുന്നു. ഞങ്ങള്‍ പരസ്പരം മിണ്ടുന്നത് നിര്‍ത്തി. പക്ഷേ വര്‍ഷങ്ങള്‍ക്കു ശേഷം ഞങ്ങള്‍ ഫിലിം ഫെയര്‍ പാര്‍ട്ടിയില്‍ വച്ച് വീണ്ടും സംസാരിച്ചു. തൃഷയാണ് വന്നു സംസാരിച്ചത്. അങ്ങനെ ചെയ്തതില്‍ ഞാന്‍ തൃഷയെ അഭിനന്ദിക്കുന്നു. അതത്ര എളുപ്പമല്ല.’ എന്നാണ് നയന്‍താര പറഞ്ഞത്.
ആര്‍. മാധവനും സിദ്ധാര്‍ത്ഥും അഭിനയിച്ച തമിഴ് സ്‌പോര്‍ട്‌സ് സൈക്കോളജിക്കല്‍ ത്രില്ലറായ ടെസ്റ്റ് (2025) എന്ന ചിത്രത്തിലാണ് നയന്‍താര അവസാനമായി അഭിനയിച്ചത്. ഡിയര്‍ സ്റ്റുഡന്റ്‌സ്, മൂക്കുത്തി അമ്മന്‍ 2, യാഷ് നായകനായ ടോക്‌സിക്: എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍-അപ്‌സ് തുടങ്ങിയ ചിത്രങ്ങളും അണിയറയിലുണ്ട്.
കമല്‍ ഹാസന്‍, സിലംബരസന്‍ ടിആര്‍ എന്നിവര്‍ അഭിനയിച്ച മണിരത്‌നത്തിന്റെ തഗ് ലൈഫ് (2025) എന്ന ചിത്രത്തിലാണ് തൃഷ അവസാനമായി അഭിനയിച്ചത്. വിദാമുയാര്‍ച്ചി, ദി ഗുഡ് ബാഡ് അഗ്ലി എന്നിവയിലെ പ്രകടനങ്ങളിലൂടെ അവര്‍ പ്രേക്ഷകരെ ആകര്‍ഷിച്ചിരുന്നു. തെലുങ്ക് വെബ് സീരീസ് ബൃന്ദയിലൂടെ ഒടിടിയിലും അരങ്ങേറ്റം കുറിച്ചു. രാം ചരണിന്റെ പെഡിയാണ് ഇനി പുറത്തിറങ്ങാനിരിക്കുന്നത്. ജാന്‍വി കപൂറും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.







