കാസർകോട്: കുമ്പള ആരിക്കാടിയിൽ നിയമവിരുദ്ധമായി സ്ഥാപിച്ച ടോൾ പ്ലാസയുടെ സാമ്പത്തിക ബാധ്യത സാധാരണക്കാരായ ബസ് യാത്രക്കാരുടെ മേൽ അടിച്ചേൽപ്പിക്കുന്ന കർണാടക ആർടിസിയുടെ നടപടി അങ്ങേയറ്റം അനീതിയാണെന്ന് മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം നിയോജക മണ്ഡലം കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. ടോൾ യൂസർ ഫീ എന്ന പേരിൽ ടിക്കറ്റ് നിരക്കിൽ വൻ വർദ്ധനവാണ് കർണ്ണാടക വരുത്തിയിരിക്കുന്നത്. നേരത്തെ 25 രൂപയുണ്ടായിരുന്ന ടിക്കറ്റ് നിരക്ക് പെട്ടെന്ന് 32 രൂപയായി ഉയർത്തി. ഓരോ യാത്രക്കാരനിൽ നിന്നും അധികമായി 7 രൂപ വീതം ഈടാക്കുന്നത് പകൽക്കൊള്ളയാണ്. ടോൾ പ്ലാസയ്ക്ക് സമീപം സർവീസ് റോഡ് നിർമ്മിക്കാത്ത അധികൃതരുടെ വീഴ്ചയ്ക്ക് സാധാരണക്കാരായ യാത്രക്കാർ പിഴയൊടുക്കേണ്ടി വരുന്നത് അംഗീകരിക്കാനാവില്ല. ഈ വിഷയത്തിൽ കേരള സർക്കാർ അടിയന്തരമായി ഇടപെടണമെന്നും കർണാടക അധികൃതരുമായി ചർച്ച നടത്തി അന്യായമായ നിരക്ക് വർദ്ധനവ് പിൻവലിപ്പിക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു. സാധാരണക്കാരുടെ പ്രയാസം കണക്കിലെടുത്ത് ഈ കൊള്ള അവസാനിപ്പിക്കാൻ തയ്യാറായില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി തെരുവിലിറങ്ങുമെന്ന് മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം നിയോജക മണ്ഡലം പ്രസിഡന്റ് ബി.എം. മുസ്തഫയും ജനറൽ സെക്രട്ടറി സിദ്ദീഖ് ദണ്ഡഗോളിയും അറിയിച്ചു.കാരവൽ ഓൺ ലൈൻ വാർത്ത ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് യൂത്ത് ലീഗ് സമരത്തിനൊരുങ്ങുന്നത്.







