ബ്രിട്ടന്‍: തിലക കുറിയിട്ട് ക്ലാസിലെത്തിയ എട്ടു വയസുകാരനെ സ്‌കൂള്‍ അധികൃതര്‍ വീട്ടിലേക്ക് തിരികെ അയച്ചെന്ന ആരോപണവുമായി ബ്രിട്ടണിലെ ഇന്ത്യന്‍ വംശജര്‍. വെബ്ലിയിലെ വികാര്‍ ഗ്രീന്‍സ് പ്രൈമറി സ്‌കൂളിലാണ് സംഭവം. മതപരമായ ചിഹ്നങ്ങള്‍ അണിയുന്നതിന് സ്‌കൂളില്‍ വിലക്കുണ്ടെന്നിരിക്കെയാണ് ഇത്തരമൊരു സംഭവം നടന്നതെന്നാണ് അധികൃതര്‍ പറയുന്നത്. സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ കുട്ടിയോട് വിശദീകരണം തേടിയിട്ടുണ്ട്.
സ്‌കൂളിലെ പ്രധാനാധ്യാപകന്‍ ഇടവേള സമയങ്ങളില്‍ കുട്ടിയെ ഭയപ്പെടുത്തുന്ന രീതിയില്‍ നിരീക്ഷിച്ചുവെന്നും ഇത് കുട്ടിയെ മാനസികമായി തകര്‍ത്തുവെന്നും കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിച്ചു. ഈ സംഭവത്തോടെ ക്ലാസിലെ ചുമതലകളില്‍ നിന്ന് മകനെ നീക്കിയെന്നും കുട്ടിക്കെതിരെ മതപരമായ വിവേചനം നടക്കുന്നുവെന്നും മാതാപിതാക്കള്‍ ആരോപിച്ചു.
ഹിന്ദു വിശ്വാസം അനുസരിച്ച് തിലകത്തിന്റെ പ്രാധാന്യത്തേക്കുറിച്ച് പ്രധാനാധ്യാപകനേയും സ്‌കൂളിലെ മുതിര്‍ന്ന അധ്യാപകരേയും ബോധിപ്പിക്കാന്‍ സ്‌കൂളിലെ മറ്റ് ഹിന്ദു വംശജരായ കുട്ടികളുടെ മാതാപിതാക്കള്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ലെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. അധികാര ദുര്‍വിനിയോഗം നടത്തുന്നുവെന്നാണ് സ്‌കൂളിനെതിരെയുള്ള ഇന്ത്യന്‍ വംശജരുടെ പ്രധാന ആരോപണം. സ്‌കൂളിലെ ഇത്തരം രീതികള്‍ കാരണം നാല് കുട്ടികളെങ്കിലും പഠനം ഉപേക്ഷിച്ചുവെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.







