കേരളം വികസനപാതയില്‍ കുതിക്കുന്നു, 10 വര്‍ഷത്തിനുള്ളില്‍ മികച്ച മുന്നേറ്റം; സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എടുത്ത് പറഞ്ഞ് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ട് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ നയപ്രഖ്യാപന പ്രസംഗം. നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പുള്ള അവസാന നിയമസഭാ സമ്മേളനത്തിനാണ് നയപ്രഖ്യാപന പ്രസംഗത്തോടെ തുടക്കമിട്ടത്.

കേരളം വികസന പാതയില്‍ കുതിക്കുന്നുവെന്നും പത്തുവര്‍ഷത്തെ ഭരണത്തിനിടെ മികച്ച നേട്ടമാണ് ഉണ്ടായതെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ പറഞ്ഞു. വികേന്ദ്രീകരണത്തില്‍ സംസ്ഥാനം ദേശീയ തലത്തില്‍ മാതൃകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു. കേരളത്തിന്റെ സാമ്പത്തിക രംഗം വികസനപാതയിലാണ്. ക്രമസമാധാന പരിപാലനം പത്ത് വര്‍ഷത്തിനിടെ മെച്ചപ്പെടുത്തി. വിഴിഞ്ഞം തുറമുഖം വളര്‍ച്ചയ്ക്ക് സഹായകരമാകുമെന്നും പുതിയ തൊഴില്‍ അവസരങ്ങള്‍ ഉറപ്പാക്കുമെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.

കേരളത്തിന് അര്‍ഹമായ വിഹിതം വെട്ടിക്കുറച്ചതിലുള്‍പ്പെടെയുള്ള കേന്ദ്ര തീരുമാനങ്ങളെയും നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ വിമര്‍ശിച്ചു. ജി.എസ്.ടി വിഹിതത്തിലെ കുറവും വായ്പാ വിഹിതം വെട്ടിക്കുറച്ചതും ഉള്‍പ്പെടെ നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. കേന്ദ്രം സംസ്ഥാന അധികാരങ്ങള്‍ക്ക് മേല്‍ കൈ കടത്തുന്നതായും ഗവര്‍ണര്‍ വിമര്‍ശിച്ചു.

ശിശുമരണ നിരക്ക് സംസ്ഥാനത്ത് കുറഞ്ഞതിന്റേയും തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പടെ മികച്ച നേട്ടം കൈവരിച്ചതിനെ കുറിച്ചും ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയെ കുറിച്ചും പ്രസംഗത്തിന്റെ ആദ്യ ഭാഗത്തില്‍ ഗവര്‍ണര്‍ സൂചിപ്പിച്ചു.
സംസ്ഥാനം വരുമാനം കൂട്ടി, ചെലവുകള്‍ പരിമിതപ്പെടുത്തി, സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തി. വിവിധ പദ്ധതികളില്‍ കേന്ദ്രത്തില്‍നിന്നു ലഭിക്കാനുള്ള കുടിശിക 5650 കോടി രൂപയാണ്. ജി.എസ്.ടി വിഹിതത്തില്‍ കുറവുണ്ട്. വായ്പാ പരിധി കേന്ദ്രം വെട്ടിക്കുറച്ചു. ദേശീയപാത പദ്ധതിയില്‍ ചെലവഴിച്ചിരിക്കുന്ന തുക കടമെടുപ്പ് പരിധിയില്‍ പെടുത്തുന്നത് പ്രതിസന്ധിയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

വിദ്യാഭ്യാസമുള്ള യുവജനങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ ഉണ്ടാകും. തടസ്സമില്ലാത്ത വൈദ്യുതി ഉറപ്പാക്കി. ജീവിത നിലവാരം മെച്ചപ്പെടുത്തുന്നത് നവകേരള ലക്ഷ്യം. വന്യജീവി ശല്യം കൊണ്ടുണ്ടാക്കുന്ന കൃഷിനഷ്ടത്തിന് കൃത്യമായ നഷ്ടപരിഹാരം ഉറപ്പാക്കുമെന്നും കലാവസ്ഥ വ്യതിയാനത്തെ നേരിടാന്‍ കാര്‍ഷികരംഗത്തെ പ്രാപ്തമാക്കുമെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.

തൊഴിലുറപ്പു പദ്ധതിയില്‍ കേന്ദ്രം നടത്തിയ ഭേദഗതികളും 100 പ്രവൃത്തിദിവസം 60 ദിവസമായി കുറച്ചതും സംസ്ഥാനത്തിനു തിരിച്ചടിയാണെന്നും പദ്ധതി പഴയ നിലയില്‍ നടപ്പാക്കണമെന്ന് സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. നയപ്രഖ്യാപന പ്രസംഗത്തിനായി സഭയിലെത്തിയ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എ.എന്‍ ഷംസീര്‍, മന്ത്രി എം.ബി.രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page