കാസര്‍കോട്: പൊതുജനങ്ങളോടും ജനപ്രതിനിധികളോടും മോശമായി പെരുമാറുന്ന കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് ഡിജിപിക്ക് പരാതി നല്‍കി.
കുമ്പള ടോള്‍ പ്ലാസയില്‍ അനധികൃതമായി യൂസര്‍ഫീ പിരിക്കുന്നതിനെതിരെ നടത്തുന്ന പ്രക്ഷോഭങ്ങളെ ഇന്‍സ്‌പെക്ടര്‍ അക്രമാസക്തമാക്കാന്‍ ശ്രമിക്കുന്നതായും എം.എല്‍.എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളോട് മോശമായി പെരുമാറുന്നതായും യൂത്ത് ലീഗ് ആരോപിച്ചു.
പൊലീസ് മാനുവല്‍ പാലിക്കാതെ യൂത്ത് ലീഗ് പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തതിനെ കുറിച്ച് അന്വേഷിക്കാനെത്തിയ മുസ്ലിം ലീഗ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി എ.കെ ആരിഫ്, യൂത്ത്‌ലീഗ് മഞ്ചേശ്വരം നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി സിദ്ദിഖ് ദണ്ഡഗോളി എന്നിവരോട് ഇന്‍സ്‌പെക്ടര്‍ മോശമായി പെരുമാറിയെന്നു യൂത്ത് ലീഗ് പ്രസ്താവനയില്‍ ആരോപിച്ചു.
പ്രസ്തുത ഉദ്യോഗസ്ഥനെതിരെ നടപടി ഉണ്ടായില്ലെങ്കില്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ സമരം നടത്തുമെന്ന് മഞ്ചേശ്വരം നിയോജക മണ്ഡലം പ്രസിഡണ്ട് ബി.എം മുസ്തഫയും ജനറല്‍ സെക്രട്ടറി സിദ്ദിഖ് ദണ്ഡഗോളിയും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.







