ആ സമയത്ത് മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം വരെ ഒഴിവാക്കി; കാരണം വ്യക്തമാക്കി നടി ഭാവന

കൊച്ചി: ഒരു സമയത്ത് മലയാള സിനിമയിലെ മുന്‍നിര നായകന്‍മാരൊപ്പം അഭിനയിക്കുന്നതില്‍ നിന്ന് താന്‍ പിന്‍മാറിയെന്ന വെളിപ്പെടുത്തലുമായി നടി ഭാവന. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഭാവനയുടെ വെളിപ്പെടുത്തല്‍. മമ്മൂട്ടി, ആഷിഖ് അബു, പൃഥ്വിരാജ്, ജയസൂര്യ തുടങ്ങിയവര്‍ക്കൊപ്പം അഭിനയിക്കാനുള്ള അവസരത്തില്‍ നിന്നുമാണ് താന്‍ പിന്‍മാറിയതെന്ന് ഭാവന പറയുന്നു. മലയാള സിനിമയില്‍ നിന്ന് ഇടവേള എടുക്കണമെന്ന് പെട്ടെന്ന് തോന്നി, കന്നഡയിലാണ് താന്‍ സേഫ് എന്ന തോന്നല്‍ വന്നു. ഇതാണ് തന്റെ തീരുമാനത്തിന് പിന്നില്‍. ഇടവേള എന്നത് തന്റെ മാത്രം തീരുമാനമായിരുന്നുവെന്ന് ഭാവന പറയുന്നു.

ഭാവനയുടെ വാക്കുകള്‍:

മലയാള സിനിമയില്‍ നിന്ന് ഒരു ബ്രേക്ക് എടുക്കണമെന്ന് എനിക്ക് പെട്ടെന്ന് തോന്നി. കുറഞ്ഞപക്ഷം, ഞാന്‍ മലയാളത്തില്‍ അഭിനയിക്കുന്നതേയില്ലല്ലോ, അവിടെയുള്ള കാര്യങ്ങള്‍ എനിക്ക് അറിയേണ്ടതില്ലല്ലോ എന്ന ചിന്തയായിരുന്നു. ആ ഇടവേള എന്റെ മാത്രം തീരുമാനമായിരുന്നു. അപ്പോഴും മലയാള സിനിമയിലുള്ള എന്റെ സുഹൃത്തുക്കള്‍ എന്നെ വിളിക്കുകയും സിനിമകള്‍ ചെയ്യണമെന്ന് പറയുകയും ചെയ്തിരുന്നു. ആഷിഖ് അബു, പൃഥ്വിരാജ്, ജയസൂര്യ, ഒരു മമ്മൂക്ക സിനിമയോട് വരെ ഞാന്‍ നോ പറഞ്ഞു. എന്തിന് നോ പറഞ്ഞു എന്ന് ചോദിച്ചാല്‍, സത്യം പറഞ്ഞാല്‍ എനിക്ക് മറുപടിയില്ല.

ആ സമയത്ത് ആ തീരുമാനത്തില്‍ ഞാന്‍ ഓക്കേ ആയിരുന്നു. കന്നടയിലാണ് സേഫ് എന്ന തോന്നല്‍ എനിക്ക് വന്നു. മലയാളം സിനിമ വീണ്ടും ചെയ്യുന്നതിനെ കുറിച്ച് എനിക്കൊരു പ്ലാനേ ഉണ്ടായിരുന്നില്ല. കന്നട സിനിമയില്‍ ഞാന്‍ തൃപ്തയായിരുന്നു, വര്‍ക്കിന് പോകുന്നു, തിരിച്ച് വീട്ടിലെത്തുന്നു, ഇഷ്ടമുള്ളത് കാണുന്നു എന്ന കംഫര്‍ട്ട് സോണിലായിരുന്നു ഞാന്‍- ഭാവന പറഞ്ഞു.

ഭാവന നായികയായെത്തുന്ന ഏറ്റവും പുതിയ മലയാള ചിത്രം ‘അനോമി’ റിലീസിനൊരുങ്ങുകയാണ്. ഭാവനയുടെ കരിയറിലെ തൊണ്ണൂറാമത് ചിത്രമാണ് അനോമി. നവാഗതനായ റിയാസ് മാരാത്ത് ആണ് ‘അനോമി’ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ടീസറിന് മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചിരുന്നു. ഒരു സൈക്കോ കില്ലര്‍ നടത്തുന്ന കൊലപാതകങ്ങളും അത് പിന്തുടരുന്ന അന്വേഷണ ഉദ്യോഗസ്ഥരുടെയും കഥപറയുന്ന ചിത്രമാണ് അനോമി.

ബിനു പപ്പു, വിഷ്ണു അഗസ്ത്യ, അര്‍ജുന്‍ ലാല്‍, ഷെബിന്‍ ബെന്‍സണ്‍, ദൃശ്യ രഘുനാഥ് തുടങ്ങിയവര്‍ക്കൊപ്പം റഹ്‌മാനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page