കാസര്‍കോട്: വേനല്‍ചൂടിന് ശക്തി ആര്‍ജിച്ചതോടെ തട്ടുകടകളില്‍ തണ്ണിമത്തന്‍ ആധിപത്യം ഉറപ്പിക്കുന്നു.’ബത്തക്ക’സര്‍ബത്തുകള്‍ക്ക് പിന്നാലെ പഴം വിപണിയില്‍ തണ്ണിമത്തന് പ്രിയമേറുന്നു. ധനുമാസം അവസാനിച്ച് മകരമാസത്തിലേക്ക് കടക്കുമ്പോള്‍ പൊതുവേ തണുത്ത കാലാവസ്ഥയാണ് ഉണ്ടാകാറുള്ളതെങ്കിലും കാലാവസ്ഥയില്‍ വന്ന വ്യതിയാനവും, തുലാം, വൃശ്ചിക മാസത്തില്‍ ലഭിക്കാതെ പോയ മഴയും കാരണം നേരത്തെ ഉണ്ടായിരുന്ന കാലാവസ്ഥ വിലയിരുത്തലുകളൊക്കെ മാറിമറിഞ്ഞു. രാവിലെ 10 മണി വരെ ഇപ്പോള്‍ ശൈത്യ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. 11 മണിയോടെ നല്ല ചൂട് കടന്നുവരുന്നു. ജനങ്ങള്‍ക്കു ദാഹം അനുഭവപ്പെട്ട് തുടങ്ങിയിട്ടുമുണ്ട്.
ഇനി തെരുവോരങ്ങളിലൊക്കെ തണ്ണിമത്തന്‍ ദിനങ്ങള്‍ യാത്രക്കാരെ വരവേല്‍ക്കാന്‍ പോകുകയാണ്. വരാനിരിക്കുന്ന റംസാന്‍ വിപണിയും വത്തക്കക്ക് കാത്തിരിക്കുന്നു. കഴിഞ്ഞ ആഴ്ചവരെ കിലോയ്ക്ക് 24 രൂപയില്‍ വിറ്റിരുന്ന തണ്ണിമത്തന്ന് ഇന്ന് വില 30 രൂപ മുതല്‍ 40 രൂപ വരെയാണ്. ഇനിയും വില കൂടാനാണ് സാധ്യതയെന്ന് ചില്ലറ വില്‍പ്പനക്കാര്‍ പറയുന്നു. അവശ്യസാധനങ്ങള്‍ക്കും പഴം പച്ചക്കറികള്‍ക്കും എന്നും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്ന കേരളത്തിന് ഇനി മൊത്ത വില്‍പ്പനക്കാര്‍ പറയുന്നതാണ് വില. ഇതിനായി മൊത്തവില്‍പ്പനക്കാര്‍ വിലക്കൂട്ടാന്‍ തക്കം പാര്‍ത്ത് നില്‍ക്കുന്നുമുണ്ട്. തമിഴ്‌നാട്, മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് തണ്ണിമത്തന്‍ എത്തുന്നത്. അത് അഞ്ചു രൂപ കൂട്ടി ചില്ലറ വില്‍പ്പനക്കാര്‍ വില്‍ക്കുന്നു. ക്രിസ്മസ്, ന്യൂ ഇയറില്‍ കോഴിക്കാണ് വില കൂട്ടിയതെങ്കില്‍ ശബരിമല സീസണില്‍ പച്ചക്കറി വില വാനോളം ഉയര്‍ന്നു. ഇനി റംസാന്‍ വിപണിയില്‍ പഴവര്‍ഗങ്ങള്‍ക്കായിരിക്കും വിലകൂട്ടുക.







