പിഞ്ചുകുഞ്ഞിനെ മാതാവ് കടലിൽ എറിഞ്ഞു കൊന്ന കേസിൽ വിധി ഇന്ന്

തളിപ്പറമ്പ: തയ്യിലിൽ പിഞ്ചുകുഞ്ഞിനെ മാതാവ് കടലിൽ എറിഞ്ഞു കൊന്ന കേസിൽ തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ എൻ പ്രശാന്ത് ഇന്ന് വിധി പറയും. തയ്യിൽ കടപ്പുറത്തെ കെ ശരണ്യയാണ് രണ്ട് വയസുകാരൻ മകൻ വിയാനെ കടൽ തീരത്തെ പാറക്കൂട്ടത്തിലെറിഞ്ഞ് കൊന്നത്. ശരണ്യയെ കുടാതെ കാമുകൻ വലിയന്നുരിലെ നിധിനുമാണ് കേസിലെ പ്രതികൾ. 2020 ഫിബ്രവരി 17ന് പുലർച്ചെ 2.45 നാണ് നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. തയ്യിൽ കടപ്പുറത്ത് കുടുംബ സമേതം താമസിക്കുന്ന ശരണ്യ ഭർത്താവിനെ കുടുക്കാനും കാമുകനൊപ്പം ജീവിക്കാനുമാണ് സ്വന്തം കുരുന്നിനെ കടലിലെറിഞ്ഞ് കൊന്നത്.അന്നേ ദിവസം വീടിന്റെ സെൻട്രൽ ഹാളിലാണ് ശരണ്യ കിടന്നിരുന്നത്. പുലർച്ചെ മകൻ വിയാനെയുമെടുത്ത് തൊട്ടടുത്തുള്ള കടപ്പുറത്തേക്ക് പോയ ശരണ്യ കുഞ്ഞിനെ കടലിലെറിയുകയായിരുന്നു.ആദ്യത്തെ ഏറിൽ കുട്ടി കടലിൽ വീണില്ല. തിരികെ നടക്കുമ്പോഴാണ് കുട്ടിയുടെ കരച്ചിൽ ശരണ്യ കേൾക്കുന്നത്. തിരികെ വന്ന ശരണ്യ കുട്ടി പാറപ്പുറത്ത് കിടക്കുന്നതാണ് കണ്ടത്. കുട്ടിയുടെ കരച്ചിൽ നാട്ടുകാർ കേൾക്കുമെന്ന് മനസിലായ ശരണ്യ മകനെ കടൽ തീരത്തെ പാറയി ലെറിഞ്ഞ് മരിച്ചെന്ന് ഉറപ്പുവരുത്തിയ ശേഷം ഒന്നും സംഭവിക്കാത്തതു പോലെ വീട്ടിൽ വന്ന് ഭർത്താവിനൊപ്പം കിടന്നുറങ്ങുകയായിരുന്നു. കുട്ടിയെ കൊന്ന് ഭർത്താവ് പ്രണവിന്റെ മേൽ കുറ്റം ചുമത്തി കാമുകൻ നിധിനൊപ്പം ജീവിക്കുകയായിരുന്നു ശരണ്യയുടെ ലക്ഷ്യം. ഒന്നാം പ്രതി ശരണ്യക്ക് വേണ്ടി ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകൻ മഞ്ജു ആന്റണിയും രണ്ടാം പ്രതി നിധിന് വേണ്ടി കണ്ണൂർ ബാറിലെ ആർമഹേഷ് വർമ്മയുമാണ് ഹാജരായത്.പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ യു രമേശനാണ് ഹാജരായത്.അന്വേഷണ ഉദ്യോഗസ്ഥനായ പി ആർ സതീശൻ, പോസ്റ്റുമോർട്ടം ചെയ്ത പരിയാരത്തെ കണ്ണൂർ ഗവ: മെഡിക്കൽ കോളേജിലെ പോലിസ് ഫോറൻസിക് സർജൻ ഡോ: ഗോപാലകൃഷ്ണപിള്ള ഉൾപ്പെടെ 47 സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു.81 രേഖകളും 19 മെറ്റീരിയൽ എവിഡൻസും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. മാസങ്ങൾ നീണ്ട വിചാരണക്ക് ശേഷമാണ് കേസിൽ തിങ്കളാഴ്‌ച വിധി പറയുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page