വയല്‍ നികത്തലിന് എതിരെ കര്‍ശന നടപടി സ്വീകരിക്കണം: ‘വയലും വീടും’ കൂട്ടായ്മ

കാസർകോട്: വയല്‍ നികത്തലിന് എതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കര്‍ഷക-ശാസ്ത്രജ്ഞ-പരിസ്ഥിതി കൂട്ടായ്മയായ ‘വയലും വീടും’ വാര്‍ഷിക സംഗമം ആവശ്യപ്പെട്ടു. ഇപ്പോഴത്തെ നിലയിൽ നികത്തൽ തുടരുകയാണങ്കിൽ സമീപ ഭാവിയിൽ തന്നെ വയലും നെൽകൃഷിയും ഇല്ലാതാകുന്ന സാഹചര്യം ഉണ്ടാകുമെന്നും ഇത് കുടിവെള്ളക്ഷാമം രൂക്ഷമാക്കുമെന്നും സംഗമം അഭിപ്രായപ്പെട്ടു. ഉദുമ ,മീത്തല്‍ മാങ്ങാട് രാധാകൃഷ്ണന്‍ മാങ്ങാടിന്റെ വസതിയില്‍ നടന്ന സംഗമം കണ്ണൂര്‍ – കാസര്‍കോട് ക്രൈംബ്രാഞ്ച് എസ്പി പി ബാലകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ‘വയലും വീടും’ ഏര്‍പ്പെടുത്തിയ ഹരിത പുരസ്‌ക്കാരം ഉദുമ കോടോത്ത് വളപ്പില്‍ കുഞ്ഞിക്കണ്ണന് എസ് പി കൈമാറി. 10,000 രൂപയും ഫലകവും അടങ്ങിയതാണ് പുരസ്‌ക്കാരം. കാര്‍ഷിക മേഖലയിലെ സജീവതയും പരിസ്ഥിതി -ബിഎംസി പ്രവര്‍ത്തനങ്ങളിലെ മാതൃകയും കണക്കിലെടുത്താണ് കുഞ്ഞിക്കണ്ണനെ അവാര്‍ഡിനു തെരഞ്ഞെടുത്തത്. ബേക്കല്‍ ഗവ. ഫിഷറീസ് ഹയര്‍സെക്കന്ററി സ്‌കൂളിന് സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ മികച്ച സ്‌കൂളിനുളള അവാര്‍ഡ് ലഭിക്കാന്‍ നേതൃത്വം നല്‍കിയ അധ്യാപകന്‍ എ കെ ജയപ്രകാശിനെ ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി വി രാജേന്ദ്രനും പുല്ലൂർ – പെരിയ പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ട ഉഷ എൻ നായരെ മുഖ്യാതിഥി യും കണ്ണാറ വാഴ ഗവേഷണ കേന്ദ്രം പ്രിൻസിപ്പൽ സയിന്റിസ്റ്റുമായ ഡോ. ഗവാസ് രാകേഷും ആദരിച്ചു. പ്രസിഡന്റ് ജനാര്‍ദ്ദനന്‍ പാണുര്‍ അധ്യക്ഷത വഹിച്ചു. രവീന്ദ്രന്‍ കൊടക്കാട് , കണ്ണാലയം നാരായണൻ , ഡോ.കെ. ചന്ദ്രൻ ,ഡോ. സന്തോഷ് കുമാര്‍ കൂക്കള്‍, ഉഷ എന്‍ നാരായണന്‍, ബാലകൃഷ്ണന്‍ ആലക്കോട്, കെടിഎസ് പനയാല്‍, രാധാകൃഷ്ണന്‍ മാങ്ങാട് സംസാരിച്ചു. ഭാരവാഹികളായി ജനാര്‍ദ്ദനന്‍ പാണൂർ (പ്രസി ), രവീന്ദ്രൻ കൊടക്കാട് (വൈസ് പ്രസി),കണ്ണാലയം നാരായണൻ (സെക്ര) കെ.ടി.എസ് പനയാൽ (ജോ.സെക്രട്ടറി | എ.ബാലകൃഷ്ണൻ (ട്രഷറർ) എന്നിവരെ വീണ്ടും തെരഞ്ഞെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page