ബംഗളൂരു: കേരള -കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന നിലമ്പൂർ-നഞ്ചൻകോട് റെയിൽവേ ലൈൻ പദ്ധതി നടപ്പാക്കുന്നതിനു കേന്ദ്ര സർക്കാർ നീക്കമാരംഭിച്ചു. വയനാട് നിന്നാരംഭിക്കുന്ന റയിൽപാത ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്രം വഴി നഞ്ചൻകോട്ടെത്തും. നേരത്തേ വിവാദമായതിനെത്തുടർന്നു നിറത്തിവച്ച പദ്ധതിയെക്കുറിച്ചു കേന്ദ്ര റയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഡൽഹി മെട്രോ റെയിൽ കോർപറേഷൻ മുൻ മാനേജിംഗ് ഡയറക്ടർ ഇ. ശ്രീധരനുമായി ഡെൽഹിയിൽ ചർച്ച നടത്തി.കേരളത്തിലെ റെയിൽ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും ശ്രീധരൻ
സമഗ്ര നിർദ്ദേശങ്ങൾ നൽകിയതായി മന്ത്രി ‘എക്‌സ്’ൽ പോസ്റ്റ് ചെയ്തു.
കൊച്ചിയിൽ നിന്ന് ബംഗളൂരുവിലേക്കുള്ള യാത്രാ സമയം നിലവിലെ 11 മണിക്കൂറിൽ നിന്ന് ഏഴായി കുറക്കാൻ പദ്ധതിക്കുകഴിയും.
നിലമ്പൂർ-നഞ്ചൻകോട് പാതയുടെ അന്തിമ റിപ്പോർട്ട് തയ്യാറാക്കുന്നതിനു കേരള സർക്കാരും ദക്ഷിണ റെയിൽവേയും വ്യോമ സർവേ നടത്തിയതിനെത്തുടർന്ന് 2024 ജനുവരിയിൽ മൈസൂരുവിൽ ‘സേവ് ബന്ദിപ്പൂർ’ പ്രതിഷേധം ആരംഭിച്ചതോടെയാണ് പദ്ധതി നടപ്പാക്കാനുളള നീക്കം തടസ്സപ്പെട്ടത്.
ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്രത്തിലൂടെയാണ് നിർദ്ദിഷ്ട അലൈൻമെന്റ് കടന്നുപോകുന്നത് എന്നതിനാൽ പരിസ്ഥിതി പ്രവർത്തകർ പദ്ധതിയെ ശക്തമായി എതിർത്തു.
ബന്ദിപ്പൂർ, നാഗർഹോള വഴിയുള്ള റെയിൽവേ ലൈൻ നിർമ്മാണമോ രാത്രി ഗതാഗതം തുറക്കുന്നതോ കർണാടകയിലെ ജനങ്ങൾക്ക് ഗുണം ചെയ്യില്ലെന്ന് അവർ വാദിച്ചു. പകരം അത്തരം സംരംഭങ്ങൾ ദുർബലമായ ആവാസവ്യവസ്ഥയെ സാരമായി ബാധിക്കുമെന്നും പരിസ്ഥിതി ലോല മേഖലകളിലെ സസ്യജന്തുജാലങ്ങൾക്ക് ഭീഷണിയാകുമെന്നു ആശങ്ക ഉയർത്തുകയും ചെയ്തിരുന്നു.
മലപ്പുറം ജില്ലയിലെ നിലമ്പൂർറോഡ്, കർണ്ണാടകയിലെ മൈസൂർജില്ലയിലെ നഞ്ചൻകോട് എന്നിവ തമ്മിൽ വയനാട് ജില്ലയിലെ സുൽത്താൻബത്തേരി വഴി ബന്ധിപ്പിക്കുന്നതാണ് നിർദിഷ്ട പാത. ഈ പാത യാഥാർത്ഥ്യമായാൽ കൊങ്കൺ വഴി ഗതാഗത തടസ്സമുണ്ടാകുമ്പോൾ തീവണ്ടികൾ ഇതു വഴി തിരിച്ചു വിടാൻ സാധിക്കും.
2001-2002ൽ ഇതിന്റെ ആദ്യ സർവേ പൂർത്തിയാക്കുകയും 2007-2008ൽ പുതുക്കിയ സർവേ റിപ്പോർട്ട് ഇന്ത്യൻ റെയിൽവേ ബോർഡിന് സമർപ്പിക്കുകയും ചെയ്തിരുന്നു.2010 മെയ് 18 ന് കേന്ദ്ര ആസൂത്രണ കമീഷൻ പദ്ധതിക്ക് അനുമതി നൽകുകയും ചെയ്തു. 2016ലെ റെയിൽവേ ബജറ്റിൽ ഈ പാതക്ക് അംഗീകാരം നൽകുകയും നിർമ്മാണച്ചെലവിന്റെ പകുതി തുക റെയിൽവേയും പകുതി കേരള സംസ്ഥാന സർക്കാറും വഹിക്കാമെന്ന് നിർദേശിക്കുകയും ചെയ്തിരുന്നു.
നിലമ്പൂർ, കക്കാടംപൊയിൽ, തിരുവമ്പാടി, ആനക്കാംപൊയിൽ, മേപ്പാടി, കൽപ്പറ്റ, സുൽത്താൻ ബത്തേരി, ഗുണ്ടൽപേട്ട്, നഞ്ചൻകോട് വഴി മൈസൂരിൽ എത്തുന്നതാണ് പാത.








