നാരായണന്‍ പേരിയ
അത്യുന്നത നീതിപീഠമായ സുപ്രീംകോടതിയിലെ അതിവിശാല ബെഞ്ചിന്റെ ഒരേ സ്വരത്തിലുള്ള വിധി പ്രസ്താവം ഉണ്ടായാലും, ശിക്ഷ നടപ്പാക്കണമെങ്കില്‍ രാഷ്ട്രപതി അനുമതി നല്‍കണം. അതിനുള്ള സമയ പരിധി എത്രയെന്നു നിയമവ്യവസ്ഥയില്‍ നിശ്ചയിച്ചിട്ടില്ല.
പ്രതിഭാപാട്ടീല്‍ രാഷ്ട്രപതി ആയിരിക്കെ, സുപ്രീംകോടതി വധശിക്ഷ വിധിക്കപ്പെട്ടവരില്‍ മുപ്പത്തിനാല് പേരുടെ ദയാഹര്‍ജികള്‍ അനുവദിച്ചു. ശിക്ഷ ഇളവു ചെയ്ത് ജീവപര്യന്തം തടവാക്കി കുറച്ചു. (2007-2012 കാലത്ത്) ഹര്‍ജി അനുവദിച്ച് ശിക്ഷ ഇളവ് ചെയ്യപ്പെട്ട ഒരു പ്രതി ഉത്തരവ് വരുന്നതിന് അഞ്ചുവര്‍ഷം മുമ്പേ മരിച്ചു പോയിരുന്നു. പക്ഷേ, രാഷ്ട്രപതിയോ, ഉന്നത അധികാരികളോ ഇക്കാര്യം അറിഞ്ഞിരുന്നില്ലത്രേ!.
എന്നാല്‍, പിന്നാലെ രാഷ്ട്രപതിയായ പ്രണബ്മുഖര്‍ജി തന്റെ മുന്നിലെത്തിയ പതിനാറ് ദയാഹര്‍ജികള്‍ തള്ളുകയുണ്ടായി. ഇതില്‍ രണ്ട് കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കിയത് ലോകമാകെ ശ്രദ്ധിച്ചു. ഭീകരാക്രമണക്കേസില്‍പ്പെട്ട അജ്മല്‍ കസബ്, അഫ്‌സല്‍ ഗുരു എന്നിവരുടെ ശിക്ഷ. (അവലംബം: ടി ജെ എസ് ജോര്‍ജ്ജിന്റെ ‘ഒറ്റയാന്‍’).
എന്നാല്‍ എല്ലാവരും ഈ നിലപാടുകാരല്ല. ആഗോളതലത്തില്‍ ഭിന്ന നിലപാടുകളുണ്ട്. ഐക്യരാഷ്ട്രസഭ ഈ വിഷയം ചര്‍ച്ച ചെയ്തപ്പോള്‍ അമ്പത്തൊമ്പത് അംഗരാഷ്ട്രങ്ങള്‍ വധശിക്ഷവേണം എന്ന നിലപാടെടുത്തു. ഭൂരിപക്ഷം രാജ്യങ്ങളും വധശിക്ഷ വേണ്ടാ എന്ന നിലപാട് വ്യക്തമാക്കി. വധശിക്ഷ വേണം എന്നായിരുന്നു ഇന്ത്യയുടെ അഭിപ്രായം- ഐക്യരാഷ്ട്ര സഭയില്‍ പറഞ്ഞത് അതാണ്. അക്കാലത്ത് ഇന്ത്യയിലെ ഭരണപക്ഷമായിരുന്നു യു പി എക്കും അക്കാലത്തെ മുഖ്യപ്രതിപക്ഷമായിരുന്ന ബി ജെ പിയ്ക്കും- അതേ നിലപാടായിരുന്നു.
ഇന്ത്യയില്‍ നടക്കുന്ന അറസ്റ്റുകളില്‍ അറുപത് ശതമാനവും ശരിയായിട്ടുള്ളതല്ല എന്ന് ജസ്റ്റീസ് എ പി ഷാ അധ്യക്ഷനായിരിക്കെ ദേശീയ പൊലീസ് കമ്മീഷന്‍ അഭിപ്രായപ്പെട്ടു. സുപ്രീംകോടതിയും അത് ശരിവെച്ചു. രാഷ്ട്രീയ സാഹചര്യങ്ങള്‍ വിധി പറയുന്നതില്‍ ജഡ്ജിമാരെ സ്വാധീനിക്കാറുണ്ടെന്ന് ജസ്റ്റീസ് ഷാ പറയുകയുണ്ടായി.
രാഷ്ട്രീയ സ്വാധീനങ്ങള്‍ക്ക് വഴങ്ങി പക്ഷംപിടിച്ച് കേസ് പരിഗണിച്ച് വിധിപറയുമ്പോള്‍, വധശിക്ഷ എത്രത്തോളം നീതിയുക്തമാകും? നിരപരാധികള്‍ തൂക്കിലേറ്റപ്പെടില്ലേ? കമ്മീഷന്റെ അധ്യക്ഷപദവി ഒഴിഞ്ഞതിന്റെ അടുത്ത ദിവസം ജസ്റ്റീസ് ഷാ അഭിപ്രായം മാറ്റി!.
രാഷ്ട്രപതി ദയാഹര്‍ജി തള്ളിയാലും തൂക്കിലേറ്റാന്‍ വൈകും. വധശിക്ഷ നടപ്പാക്കുന്ന ആളെ (ആരാച്ചാര്‍ എന്ന് പറയും) കിട്ടണമല്ലോ. അങ്ങനെയൊരു സ്ഥിരം തസ്തികയില്ലത്രേ സെന്‍ട്രല്‍ ജയിലുകളില്‍. ജോലിയില്ലാതെ, വെറുതേയിരിക്കാന്‍ ഉദ്യോഗസ്ഥരെ നിയമിക്കുന്നതെന്തിന്?
വധശിക്ഷാര്‍ഹമായ കേസുകളില്‍ അന്തിമതീരുമാനം വല്ലാതെ വൈകുന്നു. അതിലുമുണ്ടത്രേ രാഷ്ട്രീയക്കളി. ആസന്നമായ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയനേട്ടം ഉറപ്പിക്കാന്‍ വധശിക്ഷ നടപ്പാക്കുക! ഭീകരാക്രമണക്കേസിലെ പ്രതികളുടെ (അജ്മല്‍ കസബ്! അഫ്‌സല്‍ഗുരു) വധശിക്ഷ നടപ്പാക്കാന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി മുന്‍കൈയെടുത്തത് തിരഞ്ഞെടുപ്പ് അടുത്തത് കൊണ്ടാണത്രേ. (ടി ജെ എസ് ജോര്‍ജ്ജിന്റെ പുസ്തകത്തില്‍).
ഇന്ത്യയില്‍ പലേടത്തും ‘ആരാച്ചാറുദ്യോഗം’ പാരമ്പര്യവഴിക്കാണെന്നു പറയുന്നു. ബംഗാളില്‍ ധനഞ്ജയ ചാറ്റര്‍ജി എന്ന കൊടുംക്രൂരനെ (പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ പതിനാല്കാരി പെണ്‍കുട്ടിയെ, സെക്യൂരിറ്റി ജോലിക്കാരനായ ധനഞ്ജയ ചാറ്റര്‍ജി പിടിച്ച് തല ചുമരില്‍ ഇടിച്ച്, തലയോട് തകര്‍ന്ന് ചോരവാര്‍ന്നൊഴുകിക്കൊണ്ടിരിക്കെ ബലാത്സംഗം ചെയ്ത് കൊന്നു). അറസ്റ്റ് ചെയ്ത് കുറ്റംചുമത്തി വിചാരണ ചെയ്തു. പതിനാല് കൊല്ലം കേസ് നടന്നു. സുപ്രീംകോടതിയും വധശിക്ഷ വിധിച്ചു. രാഷ്ട്രപതി ദയാഹര്‍ജി തള്ളി. തൂക്കിലേറ്റാന്‍ ആരാച്ചാരെ അന്വേഷിച്ചു. അവസാനം നാതാമല്ലിക്ക് എന്ന ആരാച്ചാരെ വരുത്തി. അയാള്‍ക്ക് എണ്‍പത്തിനാല് വയസ്സ് പ്രായം. പാരമ്പര്യ ആരാച്ചാരായിരുന്ന മല്ലിക്ക് മകന്‍ പ്രഭാത് മല്ലിക്കിനെയും കൂട്ടി കൊലമുറിയിലെത്തി. ധനഞ്ജയ ചാറ്റര്‍ജിയുടെ കഴുത്തില്‍ കുരുക്കിട്ട് മുറുക്കി-2004ല്‍ നടന്നത്.
ശിക്ഷ വിധിച്ചാലും ദയാഹര്‍ജിയ്ക്ക് അവകാശം കൊലയാളിക്ക്.
‘യഥാകാമവധ്യര്‍’-ആഗ്രഹാനുസരണം വധിക്കപ്പെടാവുന്നവരാണോ കൊലയാളികള്‍?.







