കാസര്‍കോട്: പൊലീസിനെ കണ്ട് ഉപേക്ഷിച്ച സ്‌കൂട്ടറില്‍ നിന്നു എം ഡി എം എ പിടികൂടിയ കേസിലെ പ്രതി അറസ്റ്റില്‍. ഉപ്പള, മുസോഡിയിലെ അബ്ദുല്‍ മജീദിനെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റു ചെയ്തത്. പ്രതിയെ കോടതി രണ്ടാഴ്ച്ചത്തേയ്ക്ക് റിമാന്റു ചെയ്തു.
ജനുവരി എട്ടിന് രാത്രി എട്ടേകാല്‍ മണിയോടെയാണ് കേസിനാസ്പദമായ സംഭവം. ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള ഡാന്‍സാഫ് സ്‌ക്വാഡിലെ അംഗങ്ങളായ ആരിഫ്, ഷൈജു എന്നിവര്‍ ചേര്‍ന്ന് മുസോടിയില്‍ വച്ച് അതു വഴിയെത്തിയ സ്‌കൂട്ടര്‍ തടഞ്ഞു നിര്‍ത്തുകയായിരുന്നു. ഇതു കണ്ട് സ്ഥലത്ത് എത്തിയ ഒരാള്‍ ഇടപെട്ടതോടെ മജീദ് ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സ്‌കൂട്ടറില്‍ നടത്തിയ പരിശോധനയിലാണ് 1.32 ഗ്രാം എം ഡി എം എ പിടികൂടിയതും കേസെടുത്തതുമെന്ന് പൊലീസ് പറഞ്ഞു.







