കാസര്‍കോട്: ഒരിടവേളയ്ക്കു ശേഷം ഇരിയണ്ണിയില്‍ വീണ്ടും പുലിയിറങ്ങി. ഇരിയണ്ണി പയത്തിലെ വയറിംഗ് തൊഴിലാളി സന്തോഷിന്റെ വീട്ടിലെ വളര്‍ത്തുനായയാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം.
വീട്ടുമുറ്റത്തെ ഷെഡ്ഡിനു അകത്തു ചങ്ങലയില്‍ കെട്ടിയിട്ടതായിരുന്നു ഒരു വയസ്സുള്ള നായയെ. തിങ്കളാഴ്ച രാവിലെ വീട്ടുകാര്‍ ഉണര്‍ന്നു നോക്കിയപ്പോഴാണ് നായയെ കടിച്ച് കൊന്ന് ജഡം പകുതി ഭക്ഷിച്ച നിലയില്‍ കാണപ്പെട്ടത്.
സന്തോഷിന്റെ ഇളയച്ഛന്‍ കുഞ്ഞിക്കണ്ണന്‍ മണിയാണിയുടെ രണ്ട് വളര്‍ത്തു നായകളെ മാസങ്ങള്‍ക്ക് മുമ്പ് പുലി പിടികൂടിയിരുന്നു. രണ്ടാഴ്ച മുമ്പ് കുണിയേരി, ബെള്ളാട്ടെ നാരായണന്റെ വീട്ടിലെ വളര്‍ത്തു നായയെ പുലി പിന്തുടരുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. ഇരിയണ്ണി, പയം, കുണിയേരി, ബേപ്പ് പ്രദേശങ്ങളില്‍ പുലി ഭീതി നിലനില്‍ക്കുന്നതിനിടയിലാണ് സന്തോഷിന്റെ വളര്‍ത്തു നായയെ കൊന്നുതിന്ന സംഭവം ഉണ്ടായത്.ഇതോടെ പ്രദേശം വീണ്ടും പുലി ഭീതിയിലായിരിക്കുകയാണ്.







