കാസര്‍കോട്: ചെര്‍ക്കള-കല്ലട്ക്ക അന്തര്‍സംസ്ഥാന റോഡില്‍ ബസ് സര്‍വ്വീസ് നിറുത്തിവച്ചതിനെത്തുടര്‍ന്നു യാത്രക്കാര്‍ വിഷമിച്ചു. പതിവുപോലെ കാസര്‍കോട്ടേക്കും കല്ലടുക്കയിലേക്കും പോകുന്നതിനു ബസ് സ്‌റ്റോപ്പുകളിലെത്തിയ ജനങ്ങള്‍ ബസ്സുകളില്ലാതെ വിഷമിച്ചു. ഇടയ്ക്കിടക്ക് സ്റ്റേറ്റു ബസുകളുണ്ടെങ്കിലും യാത്രക്കാരുടെ തിരക്കു മൂലം അതില്‍ കയറാന്‍ കഴിയാത്ത സ്ഥിതിയാണെന്നു നാട്ടുകാര്‍ പറയുന്നു.
ചെര്‍ക്കള-കല്ലടുക്ക അന്തര്‍ സംസ്ഥാന റൂട്ടിലെ ചെര്‍ക്കള മുതല്‍ ഉക്കിനടുക്കവരെയുള്ള റോഡ് ഒരു വര്‍ഷത്തോളമായി കുണ്ടുംകുഴിയുമായതിനാല്‍ യാത്രക്കാരും ബസുകളും നേരിടുന്ന യാത്രാദുരിതം അവസാനിപ്പിക്കണമെന്നു ‘പ്രൈഡ്’ ബസ് തൊഴിലാളി യൂണിയനും നാട്ടുകാരും നിരവധി തവണ അധികൃതരോടു ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിവേദനങ്ങള്‍ വാങ്ങി ചുവപ്പുനാടയില്‍ കെട്ടിമുറുക്കിവച്ചു അതിനു കാവലിരിക്കുകയാണ് അധികൃതരെന്ന് ആക്ഷേപമുണ്ടായിരുന്നു. ഇതിനിടയില്‍ റോഡിന്റെ നില അതീവ ശോചനീയമാവുകയും അതുവഴിയുള്ള യാത്ര അതീവ ദുസ്സഹമാവുകയും ചെയ്തതിനെത്തുടര്‍ന്നു റോഡ് ഗതാഗതയോഗ്യമാക്കിയില്ലെങ്കില്‍ പ്രസ്തുത റൂട്ടില്‍ സര്‍വ്വീസ് നിറുത്തിവയ്ക്കുമെന്നു ബസ് തൊഴിലാളി യൂണിയന്‍ അധികൃതരെ രേഖാമൂലം അറിയിച്ചിരുന്നു. എന്നിട്ടും നടപടി ഉണ്ടായില്ല. സമരം ഒഴിവാക്കുന്നതിനു ഒരു ചര്‍ച്ചക്കു പോലും തയ്യാറാവാത്തതിനെത്തുടര്‍ന്നു ബസ് തൊഴിലാളികള്‍ ഈ റൂട്ടില്‍ സൂചനാ പണിമുടക്കു നടത്തുകയാണ്. ബസ് തൊഴിലാളികള്‍ പണിമുടക്കിയാലും ഇല്ലെങ്കിലും അധികൃതര്‍ക്കു നഷ്ടമോ ലാഭമോ ഉണ്ടാവില്ലെന്നതിനാലാണ് നിസ്സംഗതയെന്നു സംസാരമുണ്ട്. പ്രമുഖരില്‍ നിന്നു കിഫ്ബി വട്ടിപ്പലിശക്കെടുത്തു കോടിക്കണക്കിനു രൂപ ചെലവഴിച്ച് ഉക്കിനടുക്ക- ചെര്‍ക്കള റീച്ചില്‍ ഉണ്ടാക്കിയ റോഡാണ് ഇത്തരത്തില്‍ കിടക്കുന്നത്. അതേസമയം ചെര്‍ക്കള- കല്ലടുക്ക റോഡിലെ ഉക്കിനടുക്ക മുതല്‍ കല്ലടുക്കവരെയുള്ള റോഡ് ഒരു പോറല്‍ പോലുമേല്‍ക്കാതെ വിമാനത്താവളം പോലെ സുരക്ഷിതമാണെന്നു നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.







