കാസർകോട്: പഴയ ബസ് സ്റ്റാൻഡിലെ ബേക്കറിയിൽ വൻ തീപിടിത്തം. അടുക്കളയിലെ ഉപകരണങ്ങൾ കത്തി നശിച്ചു. അഗ്നിശമന സേനയുടെ സമയോചിത ഇടപെടലിൽ വൻ ദുരന്തം ഒഴിവായി. അല്ലെങ്കിൽ തളിപ്പറമ്പ് ദുരന്തം ഇവിടെയും ആവർത്തിക്കുമായിരുന്നു. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് പഴയ ബസ്സ്റ്റാൻഡിലുള്ള രാംദേവ് കോംപ്ലക്സ്ന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ലുംസ് ബേക്കറി ആൻഡ് കൂൾബാറിൽ തീപിടിത്തം ഉണ്ടായത്. ഒന്നാം നിലയിൽ നിന്നും ശക്തമായ പുക ഉയരുന്നത് കണ്ടവർ അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. അസി. സ്റ്റേഷൻ ഓഫീസർ ആർ. വിനോദ് കുമാറിന്റെയും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വി എം സതീശന്റെയും നേതൃത്വത്തിൽ 2 യൂണിറ്റ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. 30 ഓളം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കോംപ്ലക്സ്കിൽ അഗ്നി രക്ഷസേനയുടെ സമയോചിതവും സഹസികവുമായ ഇടപെടൽ മൂലം തളിപ്പറമ്പ് തീ പിടുത്തതിന് സമാനമായ വൻദുരന്തം ഒഴിവാക്കാൻ കഴിഞ്ഞെന്നു അധികൃതർ പറഞ്ഞു. ജീവനക്കാർ 10 മണിയോടെ കട പൂട്ടിപോയതിനാൽ ഒന്നാം നിലയിലെ കടയുടെ പിൻഭാഗത്തെ ഷട്ടറിന്റെ പൂട്ട് തകർത്താണ് സേന ഉള്ളിൽ കടന്നു തീ അണച്ചത്. മീറ്റർ ബോക്സ്, ഫ്രീസറുകൾ, അടുക്കളയിലെ മറ്റുപകരണങ്ങൾ എന്നിവ കത്തി നശിച്ചു. നഷ്ടം കണക്കാക്കിയിട്ടില്ല. ആരിക്കാടി സ്വദേശി മുഹമ്മദ് കുഞ്ഞി യുടേതാണ് സ്ഥാപനം. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മാരായ മുഹമ്മദ് സിറാജ്ജുദ്ദീൻ, പി എം നൗഫൽ, എസ് സന്തു, എസ് എം അശ്വിൻ, എം രമേശ, ജെ അനന്തു, ഹോം ഗാർഡ് മാരായ വിജിത്, പ്രസാദ് എന്നിവരും രക്ഷപ്രവർത്തനത്തിൽ പങ്കെടുത്തു.







