കോഴിക്കോട്: ബസിനുള്ളില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കി. ഗോവിന്ദപുരം സ്വദേശി ദീപക് ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മുറി തുറക്കാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് പൊലീസ് സ്ഥലത്തെത്തി. രണ്ട് ദിവസം മുമ്പ് ഒരു യുവതി വീഡിയോ ചിത്രീകരിക്കുകയും സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. പയ്യന്നൂരില്‍ നിന്ന് കോഴിക്കോട്ടേയ്ക്ക് വരുന്നതിനിടെയാണ് ബസില്‍ വച്ച് യുവതി വിഡിയോ ചിത്രീകരിച്ചത്. ഇത് പിന്നീട് അവര്‍ ഫേസ്ബുക്കില്‍ പോസ്റ്റുചെയ്തു. ഇതില്‍ മനംനൊന്താണ് യുവാവ് ആത്മഹത്യ ചെയ്തതെന്ന് വീട്ടുകാര്‍ പറയുന്നു. വ്യക്തിഹത്യ ചെയ്തുവെന്ന് യുവാവിന്റെ ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തിന് ശേഷം ദീപക് വീഡിയോ പങ്കുവെച്ച സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവെന്‍സര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. കോഴിക്കോട്ടെ വസ്ത്രവ്യാപാര ശാലയിലെ സെയില്‍സ് മാനേജരാണ് ദീപക്.







