കാസര്‍കോട്: മാതാപിതാക്കള്‍ക്കൊപ്പം ഉല്‍സവത്തിന് എത്തിയ 14 കാരിയെ 18 കാരന്‍ കാറില്‍ തട്ടിക്കൊണ്ടുപോയി. കാണാതായതിനെ തുടര്‍ന്ന് പൊലീസ് തെരച്ചില്‍ നടത്തുന്നതിനിടെ രണ്ടുമണിക്കൂറിന് ശേഷം പെണ്‍കുട്ടിയെ യുവാവ് തിരിച്ചെത്തിച്ചു. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പെണ്‍കുട്ടി മാതാപിതാക്കള്‍ക്കൊപ്പം ഉല്‍സവം കാണാനെത്തിയിരുന്നു. അതിനിടെ കുട്ടിയെ കാണാതാവുകയായിരുന്നു. പരാതിയെ തുടര്‍ന്ന് പൊലീസ് പരക്കം പാഞ്ഞു. ടൗണില്‍ മുഴുവന്‍ വാഹന പരിശോധനയുള്‍പ്പെടെ നടത്തി. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ പരിഭ്രാന്തരായി നില്‍ക്കുന്നതിനിടെ പുലര്‍ച്ചെ 2മണിയോടെ പെണ്‍കുട്ടിതിരിച്ചെത്തി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് 18 കാരന്‍ കാറില്‍ തട്ടിക്കൊണ്ടുപോയതായി വ്യക്തമായത്. തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ യുവാവിനെതിരെ കേസെടുത്തു. പൊലീസിനെ മണിക്കൂറുകളോളം വട്ടംകറക്കിയ യുവാവിനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






