പത്തനംതിട്ട: മൂന്നാം ബലാത്സംഗക്കേസില്‍ റിമാന്‍ഡിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് ജാമ്യമില്ല. വിശദമായ വാദത്തിനു ശേഷം തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചു. ജഡ്ജി അരുന്ധതി ദിലീപ് ആണ് ജാമ്യഹര്‍ജി തള്ളി ഉത്തരവിട്ടത്. ജാമ്യത്തിനായി സെഷന്‍സ് കോടതിയെ സമീപിക്കുമെന്ന് രാഹുല്‍ അറിയിച്ചു. തിങ്കളാഴ്ച ഹര്‍ജി നല്‍കും.
കേസില്‍, അടച്ചിട്ട കോടതിമുറിയില്‍ കഴിഞ്ഞദിവസം വിശദമായ വാദം കേട്ടിരുന്നു. പ്രോസിക്യൂഷനു വേണ്ടി എപിപി എംജി ദേവിയാണ് ഹാജരായത്. അതിജീവിതയുടെ വിവരങ്ങള്‍ പുറത്താകാതിരിക്കാന്‍ വാദം അടച്ചിട്ട കോടതിമുറിയില്‍ വേണമെന്ന് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടിരുന്നു. കോടതിമുറിയില്‍ നിന്ന് കേസുമായി ബന്ധമില്ലാത്ത എല്ലാവരെയും പുറത്താക്കിയാണു വാദം തുടങ്ങിയത്. വാദം രണ്ടുമണിക്കൂറോളം നീണ്ടു.
എംഎല്‍എക്കെതിരെ നിരന്തരം പരാതികള്‍ ആണെന്നും ജാമ്യം നല്‍കരുതെന്നുമായിരുന്നു വാദിഭാഗത്തിന്റെ വാദം. പരാതിക്കാരിയുടെ ചാറ്റ് വിവരങ്ങള്‍ പ്രതിഭാഗം കോടതിയില്‍ ഹാജരാക്കി. പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണ് ഇവിടെ നടന്നത്. ചട്ടവിരുദ്ധമായാണ് അറസ്റ്റെന്നും പ്രതിഭാഗം വാദിച്ചു.







