കാസർകോട്: ദേശീയപാതയിലെ കുമ്പള ടോൾ ബൂത്ത് ആക്രമിച്ച് 10 ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന കേസിൽ റിമാൻഡിൽ ആയിരുന്ന രണ്ടുപേരെ കോടതി ജാമ്യത്തിൽ വിട്ടു. കൊടിയമ്മ ഊജാറിലെ ഫൈസൽ അബ്ദുൽ റഹിമാൻ (28), മഞ്ചേശ്വരം വാമഞ്ചൂരിലെ ടി. അബ്ദുൽ നാസർ (46) എന്നിവർക്കാണ് കോടതി ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിച്ചതിനെ തുടർന്ന് കാസർകോട് സബ് ജയിലിൽ നിന്ന് മോചിതരായ ഇവരെ സമരസമിതി ഭാരവാഹികൾ ജയിൽ പരിസരത്ത് ഷാൾ അണിയിച്ച് സ്വീകരിച്ചു. സമരസമിതി ഭാരവാഹികളായ എ.കെ. എം. അഷ്റഫ് എം എൽ എ, സി എ. സുബൈർ, എ കെ ആരിഫ് , അഷ്റഫ് കാർള ,സിദ്ദിഖ് ദണ്ഡഗോളി ,കെ വി യൂസഫ്, വി. പി. അബ്ദുൽ ഖാദർ ഹാജി എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു സ്വീകരണം. കുമ്പളയിലെ ടോൾ ബൂത്ത് ആക്രമിച്ച സംഭവത്തിൽ പോലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ദേശീയപാതയിൽ സംഘടിച്ച് ഗതാഗതം തടസ്സപ്പെടുത്തി എന്നതിന് കണ്ടാലറിയാവുന്ന 500 പേർക്കെതിരെ പോലീസ് നേരിട്ട് കേസെടുക്കുകയായിരുന്നു . ടോൾ ബൂത്ത് അക്രമിച്ചു നശിപ്പിച്ചു എന്ന മറ്റൊരു പരാതിയിൽ ഒരു സംഘമാളുകൾക്കെതിരെയും കേസെടുത്തിരുന്നു. അക്രമത്തിൽ ടോൾ ബൂത്തിനു 10 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായെന്ന പരാതിയിലാണ് ഇവരെ അറസ്റ്റ് ചെയ്തിരുന്നത്. കോടതി പിന്നീട് ഇവരെ സബ്ജയിലിൽ റിമാൻ്റ് ചെയ്യുകയായിരുന്നു.







