പത്തനംതിട്ട: പമ്പയിലെ ആശുപത്രിയില്‍ തീര്‍ത്ഥാടകര്‍ക്ക് നല്‍കുന്ന ചികിത്സയില്‍ ഗുരുതര അനാസ്ഥയെന്ന് പരാതി. ശബരിമല തീര്‍ത്ഥാടകയായ പ്രീതയാണ് ആശുപത്രി അധികൃതര്‍ക്കെതിരെ പത്തനംതിട്ട ഡിഎംഒയ്ക്ക് പരാതി നല്‍കിയത്. മുറിവ് കെട്ടിയത് സര്‍ജിക്കല്‍ ബ്ലേഡ് അകത്ത് വച്ചാണെന്ന പരാതിയാണ് ആശുപത്രിക്ക് നേരെ ഉയര്‍ന്നത്. കാലിലെ മുറിവിനുള്ള ചികിത്സയ്ക്കായാണ് പ്രീത പമ്പയിലെ ആശുപത്രിയിലെത്തിയത്.
സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ച് സ്‌കിന്‍ കട്ട് ചെയ്യുന്നത് കണ്ടപ്പോള്‍ പരിചയക്കുറവ് തോന്നി ബാന്‍ഡേജ് മാത്രം മതിയെന്ന് പറഞ്ഞു. പിന്നീട് മറ്റൊരു ആശുപത്രിയില്‍ പൊയ്‌ക്കോളാമെന്ന് പറഞ്ഞ് അവിടെ നിന്നിറങ്ങി. വീട്ടിലെത്തി മുറിവ് തുറന്ന് നോക്കിയപ്പോഴാണ് സര്‍ജിക്കല്‍ ബ്ലേഡ് ബാന്‍ഡേജിനകത്ത് കാണുന്നത്.
നെടുമ്പാശ്ശേരി സ്വദേശിയായ പ്രീത പന്തളത്ത് നിന്ന് തിരുവാഭാരണഘോഷയാത്രക്കൊപ്പം പദയാത്രയായാണ് പമ്പയിലെത്തിയത്. കാലില്‍ മുറിവുണ്ടായതിനെ തുടര്‍ന്ന് പമ്പയിലെ ആശുപത്രിയിലെത്തി മുറിവ് ഡ്രസ് ചെയ്തിരുന്നു. തിരിച്ചു പോരുമ്പോഴും മുറിവ് ഡ്രസ് ചെയ്യാനായി ആശുപത്രിയിലെത്തി. നഴ്‌സിംഗ് അസിസ്റ്റന്റ് ആയിരുന്നു ചികിത്സ നല്‍കിയതെന്ന് പ്രീത പറഞ്ഞു.







