കാസര്‍കോട്: കുംബഡാജെ ആജിലയില്‍ ഒറ്റയ്ക്കു താമസിക്കുകയായിരുന്ന 72 കാരിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പെര്‍ഡാലയിലെ പരമേശ്വര എന്ന രമേശ് നായിക്കി (47)നെ ഇന്നു കോടതിയില്‍ ഹാജരാക്കുമെന്നു പൊലീസ് പറഞ്ഞു.
കൊലക്കു ശേഷം കൊല്ലപ്പെട്ട പുഷ്പലതാ ഷെട്ടി ധരിച്ചിരുന്ന കരിമണിമാല അപഹരിച്ച പരമേശ്വര അത് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞു വീടിന്റെ പിന്‍വശത്തെ ചവര്‍ക്കൂനക്കിടയില്‍ ഒളിപ്പിക്കുകയായിരുന്നു. അതു പൊലീസ് കണ്ടെടുത്തു. കരിമണിമാലയും കോടതിയില്‍ ഹാജരാക്കും.
അയല്‍ക്കാരുമായൊന്നും അടുത്ത സൗഹൃദമില്ലായിരുന്നെങ്കിലും പുഷ്പലതാ ഷെട്ടിയുടെ ദാരുണമരണത്തില്‍ നാടു നിശ്ചലമായിരിക്കുകയാണ്. കൊല്ലപ്പെടുന്നതിനു മുമ്പു പുഷ്പലതാ ഷെട്ടി തന്നെ പ്രകോപിപ്പിച്ചതാണ് കൊലക്കിടയാക്കിയതെന്നു പരമേശ്വര പൊലീസിനെ അറിയിച്ചിരുന്നു.







