ഒറ്റപ്പാലം: പട്ടാപ്പകല്‍ വീട്ടുമുറ്റത്ത് കെട്ടിയിട്ടിരുന്ന പോത്തിനെ മോഷ്ടിച്ച് ചന്തയില്‍ വില്‍ക്കാന്‍ ശ്രമിച്ച യുവാവ് പിടിയിലായി. കുന്നംകുളം ചിറമനങ്ങാട് സ്വദേശി രഹ്നാസാണ് അറസ്റ്റിലായത്. പോത്തിനെ വാണിയംകുളം ചന്തയില്‍ വില്‍ക്കാനുള്ള ശ്രമത്തിനിടെയാണ് പിടി വീണത്. കച്ചവടക്കാരും നാട്ടുകാരും ചേര്‍ന്നാണ് യുവാവിനെ പിടികൂടി ഒറ്റപ്പാലം പൊലീസില്‍ ഏല്‍പ്പിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. പട്ടാമ്പി നമ്പ്രം കീഴായൂര്‍ സ്വദേശി അഷറഫിന്റെ പോത്തിനെയാണ് യുവാവ് മോഷ്ടിച്ചത്. പുല്ലും വെള്ളവും നല്‍കി നമ്പ്രത്തെ വീട്ടുമുറ്റത്ത് പോത്തിനെ കെട്ടിയിട്ടിരുന്നു. ആളില്ലാത്ത സമയത്ത് എത്തിയ രഹ്നാസ് പോത്തിനെ മോഷ്ടിച്ച് റെയില്‍ പാളത്തിലൂടെയും ഇടവഴികള്‍ താണ്ടിയും രണ്ട് കിലോമീറ്റര്‍ നടത്തിച്ച് ഉമിക്കുന്നില്‍ എത്തിച്ചു. പിന്നീട് അവിടെനിന്നും വാടകക്ക് വിളിച്ച പിക്കപ്പില്‍ കയറ്റി വാണിയംകുളം ചന്തയിലേക്കും കൊണ്ടുപോയി. അതിനിടയിലാണ് യാദൃശ്ചികമായി മേലെപട്ടാമ്പിയില്‍നിന്ന് പോത്തിനെ കടത്തിക്കൊണ്ടുപോവുകയായിരുന്ന വാഹനം, ഉടമ അഷറഫിന്റെ ശ്രദ്ധയില്‍പെട്ടത്. പോത്തിനെ കണ്ട് സംശയം തോന്നിയ അഷറഫ് വീട്ടിലെത്തി നോക്കിയപ്പോള്‍ കെട്ടിയിട്ട സ്ഥലത്ത് പോത്തിനെ കാണ്ടില്ല. തുടര്‍ന്ന് അന്വേഷിച്ചപ്പോളാണ് അഷ്റഫിന്റെ പോത്തിനെ തന്നെയാണ് കണ്ടതെന്ന് മനസിലായത്.
ഉടന്‍ തന്നെ ആള്‍ കേരള കാറ്റില്‍ മര്‍ച്ചന്റ് വെല്‍ഫെയര്‍ അസോസിയേഷന്റെ വാട്സ്ആപ് ഗ്രൂപ്പില്‍ വാഹനത്തിന്റെ വിവരങ്ങള്‍ സന്ദേശമായി നല്‍കി. കൂടാതെ പട്ടാമ്പി പൊലീസില്‍ പരാതിയും നല്‍കി. ഇതിനിടെ കച്ചവടക്കാരും നാട്ടുകാരും ചേര്‍ന്ന് മോഷ്ടാവിനെ പിടികൂടിയിരുന്നു.







