കാസര്‍കോട്: ഹൊസങ്കടിയിലെ ലോഡ്ജിലെ മുറിയില്‍ അതിക്രമിച്ചുകയറി യുവാവിനേയും പെണ്‍സുഹൃത്തിനേയും ഒന്നിച്ചിരുത്തി നഗ്നചിത്രമെടുത്ത് ഭീഷണിപ്പെടുത്തി ഫോണും പണവും തട്ടിയെടുത്തതായി പരാതി. ഉള്ളാള്‍ മോണ്ടുഗുളിയിലെ മുഹമ്മദ് ഹനീഫിന്റെ(41) പരാതിയില്‍ മൂന്നുപേര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് സംഭവം.
പെണ്‍സുഹൃത്തുമായാണ് പരാതിക്കാരന്‍ ലോഡ്ജില്‍ മുറിയെടുത്തത്. ഈ സമയത്ത് മൂന്നംഗസംഘം മുറിയിലേക്ക് അതിക്രമിച്ച് കയറുകയും യുവതിയേയും യുവാവിനേയും കട്ടിലില്‍ ഒന്നിച്ചിരുത്തി അര്‍ദ്ധനഗ്ന വീഡിയോകളും ഫോട്ടോകളും പകര്‍ത്തുകയുമായിരുന്നുവെന്ന് പരാതിയില്‍ പറഞ്ഞു.
രണ്ടുലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ കൂടി വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും മൊബൈല്‍ ഫോണും 5000 രൂപയും തട്ടിയെടുത്തുവെന്നും പരാതിയില്‍ പറഞ്ഞു. അക്രമികളെ കണ്ടാല്‍ തിരിച്ചറിയുമെന്ന് പരാതിയില്‍ കൂട്ടിച്ചേര്‍ത്തു.







