ചെന്നൈ: ബോളിവുഡ് നടി മൃണാള്‍ ഠാക്കൂറും തമിഴ് നടന്‍ ധനുഷും വിവാഹിതരാകുന്നുവെന്ന് റിപ്പോര്‍ട്ട്.
കഴിഞ്ഞ കുറച്ചു കാലങ്ങളായി ധനുഷും മൃണാള്‍ താക്കൂറും തമ്മിലുള്ള ബന്ധത്തിന്റെ പേരില്‍ പല തരം ഗോസിപ്പുകളും പുറത്തു വന്നിരുന്നു. ഔദ്യോഗികമായി ഇരുവരും വാര്‍ത്തകളോട് പ്രതികരിച്ചിട്ടില്ല എങ്കിലും, ഇപ്പോഴിതാ വിവാഹ തിയ്യതി പുറത്തു വരുന്നു. ഫെബ്രുവരി 14 ന് പ്രണയ ദിനത്തില്‍ മൃണാള്‍ താക്കൂറും ധനുഷും വിവാഹിതരാകുന്നു എന്നാണ് വാര്‍ത്തകള്‍. സ്വകാര്യമായ ചടങ്ങിലാകും വിവാഹം നടക്കുകയെന്നും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാകും പങ്കെടുക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അജയ് ദേവ്ഗണും മൃണാളും പ്രധാനവേഷങ്ങളിലെത്തിയ സണ്‍ ഓഫ് സര്‍ദാര്‍ 2 എന്ന ബോളിവുഡ് ചിത്രത്തിന്റെ പ്രീമിയറിനെത്തിയ ഇരുവരും ആലിംഗനം ചെയ്ത് നില്‍ക്കുന്ന ചിത്രം
നേരത്തേ പ്രചരിച്ചിരുന്നു. ഇരുവരും ഒരുമിച്ചുള്ള ഒരു വീഡിയോ പുറത്തുവരികയും, അതില്‍ ധനുഷ് മൃണാളിനോട് കുറച്ചധികം ക്ലോസായി ഇടപഴകുകയും ചെയ്യുന്നത് കണ്ടതോടെയാണ് പ്രണയ ഗോസിപ്പുകള്‍ക്ക് ശക്തി കൂടിയത്. വിവാഹമോചിതനാണ് 42 കാരനായ ധനുഷ്. സംവിധായിക ഐശ്വര്യ രജിനികാന്താണ് ധനുഷിന്റെ മുന്‍ഭാര്യ. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. 2022 ലാണ് ധനുഷും ഐശ്വര്യയും തങ്ങള്‍ വേര്‍പിരിയുകയാണെന്ന് അറിയിച്ച് പ്രസ്താവന പുറത്ത് വിട്ടത്. 2024 ല്‍ ഇരുവരും നിയമപരമായി വിവാഹമോചിതരായി. ടെലിവിഷനില്‍ നിന്നും സിനിമയിലെത്തിയ നടിയാണ് മൃണാള്‍. ബോളിവുഡില്‍ നിന്നും തെന്നിന്ത്യയിലെത്തിയ മൃണാള്‍ ഇന്ന് പാന്‍ ഇന്ത്യന്‍ നായികയാണ്.








