കാസര്‍കോട്: കാസര്‍കോട്- മംഗ്‌ളൂരു ദേശീയപാതയിലെ കുമ്പള ടോള്‍ പ്ലാസയിലെ ടോള്‍ പിരിവിനെതിരെ ബുധനാഴ്ച രാത്രി എട്ടരയോടെ ഉണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് സ്വമേധയാ കേസെടുത്തു. കണ്ടാല്‍ അറിയാവുന്ന 500 പേര്‍ക്കെതിരെയാണ് കേസ്. ടോള്‍ പിരിവിനെതിരെ ടോള്‍ വിരുദ്ധ സംയുക്ത ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചവര്‍ക്കെതിരെയാണ് കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ ടി കെ മുകുന്ദന്‍ സ്വമേധയാ കേസെടുത്തത്.
അതേസമയം സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമരസമിതി ചെയര്‍മാന്‍ എ കെ എം അഷ്‌റഫ് എം എല്‍ എയ്ക്ക് പൊലീസ് നോട്ടീസ് നല്‍കുമെന്ന് അറിയുന്നു. എന്നാല്‍ നോട്ടീസ് കിട്ടിയിട്ടില്ലെന്നും കിട്ടിയാല്‍ സമരപന്തലില്‍ തന്നെ യോഗം ചേര്‍ന്ന് ഭാവി പരിപാടികള്‍ തീരുമാനിക്കുമെന്നും എം എല്‍ എ പറഞ്ഞു.
ബുധനാഴ്ച രാത്രി ഉണ്ടായ സംഘര്‍ഷത്തിനു ശേഷം സമരപന്തലില്‍ നിന്നു പ്രതിഷേധക്കാരെല്ലാം ഒഴിഞ്ഞു പോയിരുന്നു. വ്യാഴാഴ്ച രാവിലെ എം എല്‍ എ ഉള്‍പ്പെടെ ഉള്ളവര്‍ സമര പന്തലില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ ടോള്‍ ബൂത്തിലെ ജീവനക്കാര്‍ എത്തിയിട്ടില്ല.
ബുധനാഴ്ച രാത്രി ഉണ്ടായ പ്രതിഷേധത്തിലും അക്രമത്തിലും ടോള്‍ ബൂത്തിന്റെ ചില്ലുകള്‍ തകരുകയും ക്യാമറകള്‍ നശിപ്പിക്കുകയും സ്‌കാനറുകള്‍ കറുത്ത തുണി കൊണ്ടു മൂടുകയും പ്ലാസ്റ്റിക് സ്റ്റിക്കറുള്‍ കൊണ്ട് കവര്‍ ചെയ്യുകയും ചെയ്തിരുന്നു. ടോള്‍ ഗേറ്റും തകര്‍ന്നു.
സംഘര്‍ഷം അനിയന്ത്രിതമായിക്കൊണ്ടിരിക്കെ സമരം നിറുത്തിവയ്ക്കുകയാണെന്നും ടോള്‍ ബൂത്ത് പരിസരത്തു തടിച്ചു കൂടിയവര്‍ സ്വയം പിരിഞ്ഞു പോകണമെന്നും സമരനായകനായ എം എല്‍ എ അഷ്‌റഫ് ആള്‍ക്കൂട്ടത്തോട് ആഹ്വാനം ചെയ്തിരുന്നു. സമരം തകര്‍ക്കാന്‍ പ്രതിഷേധത്തിനിടയില്‍ ചിലര്‍ നുഴഞ്ഞു കയറിയിട്ടുണ്ടെന്നും പറയുന്നുണ്ടായിരുന്നു.







