കാസര്‍കോട്: കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കയ്യാര്‍, കൊക്കച്ചാലില്‍ വീട് കുത്തിത്തുറന്ന് കവര്‍ച്ച. കൊക്കച്ചാലിലെ ഉബൈസ് മന്‍സിലിലെ ഉമ്മര്‍ ഉസൈദിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. തിങ്കളാഴ്ച 12 മണിക്കും ബുധനാഴ്ച എട്ടുമണിക്കും ഇടയിലുള്ള സമയത്താണ് കവര്‍ച്ച നടന്നതെന്നു സംശയിക്കുന്നതായി പരാതിയില്‍ പറഞ്ഞു. പരാതിക്കാരനും കുടുംബവും വീടുപൂട്ടി കോഴിക്കോട്ടേയ്ക്ക് പോയതായിരുന്നു. തിരിച്ചെത്തിയപ്പോഴാണ് വാതിലിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കടന്ന് അലമാരയില്‍ സൂക്ഷിച്ചിരുന്ന റാഡോ വാച്ച് ഉള്‍പ്പെടെ വിലപിടിപ്പുള്ള മൂന്നു വാച്ചുകള്‍, അരലക്ഷം രൂപ, 1000 യു എ ഇ ദിര്‍ഹം എന്നിവ കവര്‍ച്ച ചെയ്തതെന്നു പരാതിയില്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മണിയമ്പാറയിലും സമാന രീതിയില്‍ കവര്‍ച്ച നടന്നിരുന്നു. പ്രസ്തുത സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുന്നതിനിടയിലാണ് കയ്യാറിലെ വീട്ടിലും കവര്‍ച്ച നടന്നത്.







