റിയാദ്: അപരിചിതനെ വാഹനത്തില്‍ കയറ്റിയ പ്രവാസി മലയാളിക്ക് നേരിടേണ്ടി വന്നത് ദുരനുഭവങ്ങള്‍. പത്തനംതിട്ട ജില്ലയിലെ ആറന്മുള സ്വദേശി പ്രസാദ് കുമാറിനാണ് അറിയാതെ ചെയ്ത ഒരു ഔദാര്യത്തിന്റെ പേരില്‍ ജീവിതം തന്നെ തകര്‍ത്ത അനുഭവം ഉണ്ടായത്. ജിസാനിലെ ഒരു കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു പ്രസാദ് കുമാര്‍. വഴിയില്‍ സഹായം അഭ്യര്‍ഥിച്ച ഒരു യെമനിയെ വാഹനത്തില്‍ കയറ്റിയതിനാണ് ഒരുപാട് യാതനകള്‍ അദ്ദേഹത്തിന് നേരിടേണ്ടി വന്നത്. ഉണ്ടായിരുന്ന ജോലി നഷ്ടമായെന്ന് മാത്രമല്ല, 11 വര്‍ഷത്തെ സര്‍വീസ് മണിയും നഷ്ടമായി. മാത്രമല്ല, ഒരു വര്‍ഷത്തെ ജയില്‍ വാസവും അനുഭവിക്കേണ്ടി വന്നു.
യെമനിയുമായി യാത്ര ചെയ്യുന്നതിനിടെ നടന്ന പൊലീസ് പരിശോധനയാണ് അദ്ദേഹത്തിന്റെ ജീവിതം തന്നെ മാറ്റിമറിച്ചത്. പരിശോധനയില്‍ യെമനിക്ക് ഇക്കാമയോ മറ്റു നിയമപരമായ രേഖകളോ ഇല്ലെന്നും അതിര്‍ത്തി കടന്ന് നിയമവിരുദ്ധമായി സൗദിയില്‍ പ്രവേശിച്ചതാണെന്നും കണ്ടെത്തി. പിന്നാലെ യെമനിയെയും പ്രസാദ് കുമാറിനെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയും പ്രസാദിനെ ഒരു മാസത്തോളം ജയിലില്‍ അടയ്ക്കുകയും ചെയ്തു.
ജയിലില്‍ നിന്നും പുറത്തിറങ്ങിയ ശേഷം കമ്പനിയിലേക്ക് തിരികെ ജോലിയില്‍ പ്രവേശിക്കാനെത്തിയ പ്രസാദ് കുമാറിനെ, ജോലിയില്‍ നിന്നും പിരിച്ചുവിട്ടതായി അറിയിച്ചു. കമ്പനിയുടെ വാഹനം ഉപയോഗിച്ച് ആളുകളെ കയറ്റി ടാക്‌സി സര്‍വീസ് നടത്തിയെന്ന ആരോപണവും ചുമത്തി സൗദി തൊഴില്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 80 ചൂണ്ടിക്കാട്ടി, ബാക്കി ശമ്പളവും സര്‍വീസ് മണിയും നല്‍കാതെ പുറത്താക്കുകയായിരുന്നു.
ജോലി നഷ്ടമായതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ പ്രസാദ് ഇന്ത്യന്‍ എംബസിയെ സമീപിക്കുന്നതിനായി റിയാദിലെത്തി. തുടര്‍ന്ന് കേളി സാസ്‌ക്കാരിക വേദിയുടെ ഇടപെടലിന്റെ ഫലമായി എക്‌സിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. നാട്ടിലേക്ക് മടങ്ങുന്നതിനുള്ള ടിക്കറ്റ് കേളിയാണ് നല്‍കിയത്.
പ്രസാദിന്റേത് ഒറ്റപ്പെട്ട സംഭവമല്ലെന്നും, അപരിചിതരായ ആളുകളെ വാഹനത്തില്‍ കയറ്റുന്ന പതിവ് പല പ്രവാസികള്‍ക്കും ഉണ്ടെന്നും അതിന്റെ പേരില്‍ പൊലീസ് കേസുകളിലും ജയിലിലും കുടുങ്ങിയ സംഭവങ്ങള്‍ ഇതിനുമുമ്പും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും കേളി കേന്ദ്ര ജീവകാരുണ്യ കമ്മിറ്റി പ്രവര്‍ത്തകന്‍ പറഞ്ഞു.
പ്രവാസികള്‍ നിയമങ്ങളെക്കുറിച്ച് കൂടുതല്‍ ബോധവാന്മാരാകേണ്ടതിന്റെ ആവശ്യകതയും, ചെറിയ അശ്രദ്ധ പോലും വലിയ ദുരന്തങ്ങളിലേക്ക് നയിക്കാമെന്ന മുന്നറിയിപ്പുമാണ് ഈ സംഭവം ഓര്‍മിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.







