പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബലാത്സംഗ പരാതി നൽകിയ മൂന്നാം പരാതിക്കാരി വിദേശത്തുനിന്നു നാട്ടിലെത്തി. ഉടൻ മജിസ്ട്രേറ്റിന് മുമ്പിൽ രഹസ്യമൊഴി നൽകിയേക്കും. ചൊവ്വാഴ്ച രാഹുലിന്റെ കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും പരിഗണിക്കാനിരിക്കവെയാണ് നീക്കം. അതേസമയം, കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ ജയിലിൽ തുടരും. ഏഴ് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ട് പൊലീസ് അപേക്ഷ നൽകിയിരുന്നു. പലയിടത്തും രാഹുലുമായി തെളിവെടുപ്പ് നടത്തുകയും ഡിജിറ്റൽ തെളിവുകളടക്കം ശേഖരിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചു. രാഹുലിനെ ഇന്ന് കോടതിയിൽ ഹാജരാക്കാൻ മജിസ്ട്രേറ്റ് നിർദേശിച്ചിരുന്നു. സബ് ജയിലിലുള്ള രാഹുൽ മാങ്കൂട്ടത്തിലിനെ വൈദ്യ പരിശോധന നടത്തിയശേഷമാകും കോടതിയിൽ ഹാജരാക്കുക. പ്രതിഭാഗം ജാമ്യ ഹരജി ഫയൽ ചെയ്തിട്ടുണ്ട്. അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് ലഭിച്ചശേഷമാകും ഹരജി പരിഗണിക്കുക. വലിയ സുരക്ഷ ഒരുക്കി പൊലീസ് രാഹുലിനെ മാവേലിക്കര സ്പെഷ്യൽ സബ് ജയിലിൽ നിന്നും കോടതിയിൽ ഹാജരാക്കും. ക്രൂരമായി ബലാത്സംഗം ചെയ്തെന്നും ഗർഭിണിയാക്കിയ ശേഷം നിർബന്ധിത ഗർഭഛിദ്രവും സാമ്പത്തിക ചൂഷണവും നടത്തിയെന്നുമാണ് യുവതിയുടെ പരാതി. രാഹുൽ മൂന്നാം പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയതിന്റെ വാട്സ്ആപ്പ് ചാറ്റ് പുറത്തുവന്നിരുന്നു. നീ ചെയ്യുന്നത് ഞാൻ താങ്ങും. ബട്ട് നീ താങ്ങില്ല എന്നാണ് രാഹുൽ അതിജീവതയോട് പറഞ്ഞത്.







