കോട്ടയം: കേരള കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് തോമസ് കുതിരവട്ടം അന്തരിച്ചു. 80 വയസായിരിന്നു. രാജ്യസഭാംഗവും കെഎസ്‌സിയുടെ സ്ഥാപകനേതാവുമായിരുന്നു. ആലപ്പുഴ ചെങ്ങന്നൂര്‍ കല്ലിശ്ശേരി സ്വദേശിയാണ്. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പില്‍ ദീര്‍ഘകാലം ഓഫീസ് ചാര്‍ജ് ജനറല്‍ സെക്രട്ടറി ആയിരുന്നു. പിന്നീട് വൈസ് ചെയര്‍മാനായി പ്രവര്‍ത്തിച്ചു. കേരള കോണ്‍ഗ്രസിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1985 മുതല്‍ 1991 വരെ രാജ്യസഭാംഗമായിരുന്നു. അന്തരിച്ച മുന്‍ മന്ത്രി കെ എം മാണിയുടെ വിശ്വസ്തനായിരുന്നു. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ കേരള കോണ്‍ഗ്രസ് ബിയില്‍ ചേര്‍ന്നുവെങ്കിലും പിന്നീട് കേരള കോണ്‍ഗ്രസ് എമ്മിലേക്ക് തിരിച്ചെത്തുകയായിരുന്നു. 2024 ഒക്ടോബറിൽ ചങ്ങനാശ്ശേരിയിൽ നടന്ന കെ എസ് സി ജന്മദിന ആഘോഷ സംഗമമാണ് തോമസ് കുതിരവട്ടം അവസാനമായി പങ്കെടുത്ത പൊതുപരിപാടി. അനാരോഗ്യമൂലം പൊതുപരിപാടികളിൽ നിന്ന് വിട്ട് വീട്ടിൽ വിശ്രമത്തിലായിരുന്നു. രണ്ടാഴ്ച മുമ്പ് ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നിലവിൽ കല്ലിശ്ശേരിയിലെ വീട്ടിലാണ് മൃതദേഹം.







