കുറ്റം ആര് ചെയ്താലും കുറ്റം തന്നെ. അത് ചെയ്ത വ്യക്തി ശിക്ഷ അര്‍ഹിക്കുന്നു. കുറ്റകൃത്യത്തിന്റെ ഗുരുലഘുത്വം നോക്കി അര്‍ഹിക്കുന്ന ശിക്ഷ നല്‍കണം. സമാനമായ കുറ്റകൃത്യം ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ ഇതൊരു മുന്‍കരുതല്‍. ശിക്ഷയെ ഭയന്നിട്ടാണ് തെറ്റ് ചെയ്യാതിരിക്കുന്നത്. പണ്ട് കാലത്ത് ശിക്ഷ നടപ്പാക്കിയിരുന്നത് പൊതു സ്ഥലത്ത് വെച്ച് പരസ്യമായിട്ടായിരുന്നു. അയാള്‍ ചെയ്ത കുറ്റം എന്താണെന്ന് ഉറക്കെ വിളിച്ചു പറയും. ഇന്ത്യയില്‍ മാത്രമല്ല, എല്ലായിടത്തും ഇതായിരുന്നു നീതി നിര്‍വഹണ രീതി.
തെറ്റു ചെയ്തയാളുടെ പദവിയല്ല, കുറ്റകൃത്യത്തിന്റെ ഗുരുലഘുത്വമാണ് ശിക്ഷ വിധിക്കുമ്പോള്‍ പരിഗണിക്കേണ്ടത്. ‘വമ്പര്‍ക്ക് തെളിയാദോഷം’ എന്തുകൊണ്ട്? കുറ്റാന്വേഷണം ശരിയായ വഴിക്കല്ല എന്നത്‌കൊണ്ട്. അന്വേഷണോദ്യോഗസ്ഥനെ മാറ്റണം എന്ന ആവശ്യമുയരാറുണ്ടല്ലോ പലപ്പോഴും. കുറ്റാന്വേഷണവും വിചാരണയും ശിക്ഷ വിധിക്കലും എല്ലാം നിഷ്പക്ഷമാകണം.
അന്വേഷണോദ്യോഗസ്ഥര്‍ക്ക് മാത്രമല്ല തെറ്റ് പറ്റാവുന്നത്; കുറ്റപത്രം പരിഗണിച്ച് കുറ്റാരോപിതനെ വിചാരണ ചെയ്ത് തെളിവുകള്‍ വിലയിരുത്തി വിധി പറയുന്ന ന്യായാധിപന്മാര്‍ക്കും തെറ്റ് പറ്റാം. അപ്പീലവകാശം അതുകൊണ്ടാണ.് അപ്പീലപേക്ഷയുമായി മേല്‍ക്കോടതിയെ സമീപിക്കാന്‍ അവകാശമുണ്ട്. കീഴ്‌കോടതിയുടെ വിധി തെറ്റാണെന്ന് കണ്ടെത്തിയാല്‍ തിരുത്തും.
പഴയവിധി റദ്ദാക്കി വെറുതേവിടുകയോ, ശിക്ഷ കൂട്ടുകയോ ചെയ്യും. കീഴ്‌കോടതി വിധി തെറ്റാണെന്ന് കണ്ടെത്തിയാല്‍ എന്താണ് അതിന്റെ അര്‍ത്ഥം. ന്യായാധിപനായിരിക്കാന്‍ അര്‍ഹതയില്ലാത്തയാള്‍ കേസ് പരിഗണിച്ചു എന്ന് തന്നെ. അയോഗ്യനെ മാറ്റണം നീതിന്യായം നിലനില്‍ക്കാന്‍.
സുപ്രീംകോടതിയില്‍ നിന്ന് കഴിഞ്ഞ ദിവസം ഉണ്ടായ ഒരു നിര്‍ദ്ദേശത്തെക്കുറിച്ച് മാധ്യമങ്ങളില്‍ വായിച്ചു. വിധി പ്രസ്താവത്തില്‍ തെറ്റ് പറ്റിയാല്‍ ജഡ്ജിക്കെതിരെ അച്ചടക്ക നടപടിയെടുക്കാന്‍ പാടില്ല. ഹൈക്കോടതികള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദ്ദേശമാണ്. ജസ്റ്റീസ് ജെ ബി പര്‍ദിവാലയും ജ. കെ വി വിശ്വനാഥനും അടങ്ങിയ ബെഞ്ചാണ് നിര്‍ദ്ദേശം നല്‍കിയത്. ഹൈക്കോടതികള്‍ ജുഡീഷ്യല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമ്പോള്‍ വളരെ ജാഗ്രത പാലിക്കേണ്ടതാണ് എന്ന്. ജുഡീഷ്യല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ മാത്രമല്ല, ആര്‍ക്കെതിരെ നടപടിയെടുക്കുമ്പോഴും ജാഗ്രത പാലിക്കണം. തെറ്റ് ചെയ്തയാള്‍ക്കെതിരെ മറ്റൊരു തെറ്റ് ചെയ്യുകയോ?
മധ്യപ്രദേശിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി നിര്‍ഭയ്‌സിങ് സൂലിയയെ സര്‍വ്വീസില്‍ നിന്ന് പുറത്താക്കിയ ഹൈക്കോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതി ഈ നിര്‍ദ്ദശം നല്‍കിയത്. തന്നെ പുറത്താക്കിയതിനെതിരെ ജ. സൂലിയ ഫയല്‍ ചെയ്ത അപ്പീല്‍ സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു. അതില്‍ തീരുമാനമാകും മുമ്പേ എല്ലാ കോടതികള്‍ക്കും നിര്‍ദ്ദേശം നല്‍കേണ്ടതുണ്ടോ, ജാഗ്രത പാലിക്കണം എന്ന്?
മധ്യപ്രദേശിലെ എക്‌സൈസ് നിയമത്തിനു കീഴില്‍ ഫയല്‍ ചെയ്യപ്പെട്ട ജാമ്യ ഹര്‍ജികളില്‍ തീരുമാനമെടുക്കുന്നതില്‍ ഇരട്ടത്താപ്പും അഴിമതിയും നടന്നു എന്ന് ജ. സൂലിയ ആരോപിച്ചു. ഹൈക്കോടതി ചുമതലപ്പെടുത്തിയ വകുപ്പുതല അന്വേഷണത്തിനു ശേഷമാണ് ജ. സൂലിയയെ പുറത്താക്കിയത്. മദ്യം വലിയ തോതില്‍ പിടിച്ചെടുത്ത ചില കേസുകളില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചപ്പോള്‍, സമാനമായ മറ്റ് ചില കേസുകളില്‍ ജാമ്യം നിഷേധിച്ചു. ഇതാണ് ‘ഇരട്ടത്താപ്പ്’ എന്ന ആരോപണത്തിന് ആധാരം.
ആരോപണം വസ്തുതാപരമാണെങ്കില്‍ തെറ്റുചെയ്തയാള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണം. അക്കാര്യം വ്യക്തമാക്കുകയും വേണം.
ജുഡീഷ്യല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കുമ്പോള്‍ ഹൈക്കോടതികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജ. വിശ്വനാഥന്‍ ഓര്‍മ്മിപ്പിച്ചു. ഉത്തരവില്‍ പിഴവോ, വിധിന്യായത്തില്‍ പിശകോ സംഭവിച്ചാല്‍ ജഡ്ജിയെ വകുപ്പ്തല അന്വേഷണത്തിന്റെ സമര്‍ദ്ദത്തിന് വിധേയനാക്കരുതെന്നും കോടതി വ്യക്തമാക്കി. ജാമ്യം അര്‍ഹിക്കുന്ന കേസുകളില്‍പ്പോലും വകുപ്പുതല നടപടി ഉണ്ടായേക്കുമെന്ന ഭീതി മൂലം ജാമ്യം നല്‍കാതിരിക്കാന്‍ ഇടയാക്കുമെന്നും പറഞ്ഞു. ഹൈക്കോടതികളിലും സുപ്രീംകോടതിയിലും ജാമ്യ ഹര്‍ജികള്‍ കുമിഞ്ഞു കൂടാന്‍ കാരണമാകും ഇത് എന്ന് ജ. പര്‍ദ്ദിവാല ചൂണ്ടിക്കാട്ടി. തെറ്റ് പറ്റിയാല്‍ എന്ത് ചെയ്യണം? അയാളെ വെറുതേ വിടണോ? ആരും വ്യക്തമാക്കിയില്ല.
അടുത്ത ദിവസം സുപ്രീംകോടതിയില്‍ നിന്നുണ്ടായ മറ്റൊരു പരാമര്‍ശം കൂടി ശ്രദ്ധിക്കുക ‘ധനികര്‍ നിയമത്തിന്റെ സാധുത ചോദ്യം ചെയ്യുന്ന പ്രവണത കൂടിവരുന്നു’. ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് പറഞ്ഞത്. ‘ഇത് അവസാനിപ്പിക്കണം’ എന്ന്. വിചാരണ തുടങ്ങിക്കഴിഞ്ഞാല്‍, നിയമ വകുപ്പുകളുടെ സാധുത ചോദ്യം ചെയ്യുന്നത് പണക്കാരായ പ്രതികളുടെ പ്രവണതയായിട്ടുണ്ട്. ഇത് ശരിയല്ല. സാധാരണ പൗരന്മാരെപ്പോലെ ധനികരും വിചാരണ നേരിടേണ്ടതാണ്. അഭിഭാഷകനോട് ആവശ്യപ്പെട്ടു.
അഗസ്ത വെസ്റ്റ്‌ലാന്റ് ഹെലികോപ്റ്റര്‍ ഇടപാടില്‍ പ്രതിയായ അഭിഭാഷകന്‍ അഡ്വ. ഗൗതം ഖെയ്താന്‍, കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ (പി എം എല്‍ എ) നിയമത്തിലെ (44(1)(സി) വകുപ്പിന്റെ സാധുത ചോദ്യം ചെയ്തപ്പോഴാണ് സുപ്രീംകോടതിയുടെ പരാമര്‍ശമുണ്ടായത്. പ്രസ്തുത വകുപ്പുകളുടെ സാധുതയുമായി ബന്ധപ്പെട്ട വിഷയം ഇപ്പോള്‍ സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്-ഒരു വിധി ചോദ്യം ചെയ്യുന്ന പുനഃപരിശോധനാ ഹര്‍ജിയില്‍ ഇതും. അതിനാല്‍ ഹര്‍ജിക്കാരന് അതില്‍ കക്ഷി ചേരാവുന്നതാണ്. ബെഞ്ച് വ്യക്തമാക്കി.
അത്യുന്നത ന്യായാസനത്തിന്റെ അന്തിമവിധി വരുന്നത് കാത്തിരിക്കാം. യുധിഷ്ഠിരന്‍ യക്ഷനോട് പറഞ്ഞത് പോലെ, ‘തര്‍ക്കം നിലയ്ക്കാ, മറയൊക്കെ വേറെ!’







