കാഞ്ഞിരപ്പള്ളി: കോട്ടയം കാഞ്ഞിരപ്പള്ളിയിൽ വീടിനുള്ളിൽ വീട്ടമ്മ യെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി. മോർക്കോലിൽ ഷേർലി മാത്യു (45) ആണ് കൊല്ലപ്പെട്ടത്. ഷേർലിയെ വീടിനുള്ളിൽ കഴുത്തറത്ത നിലയിലും, കൂടെയുണ്ടായിരുന്ന യുവാവിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മരിച്ച യുവാവ് കോട്ടയം സ്വദേശിയാണെന്നാണ് പ്രാഥമിക നിഗമനം. ഞായറാഴ്ച രാത്രി ഷേർലിയെ ഫോണിൽ ബന്ധപ്പെടാൻ സുഹൃത്തുക്കളും ബന്ധുക്കളും ശ്രമിച്ചിരുന്നെങ്കിലും മറുപടിയുണ്ടായിരുന്നില്ല. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനുള്ളിൽ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു ഷേർലിയുടെ മൃതദേഹം. യുവാവ് ഇതേ മുറിയിൽ തന്നെ തൂങ്ങിമരിച്ച നിലയിലുമായിരുന്നു. ഭർത്താവ് മരിച്ചതിനെത്തുടർന്ന് 6 മാസം മുൻപ് ഇവർ ഇവിടേക്ക് താമസം മാറി എത്തിയതാണെന്ന് നാട്ടുകാർ പറയുന്നു. സംഭവത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നും അന്വേഷണം നടത്തി വരികയാണെന്നും കാഞ്ഞിരപ്പള്ളി പൊലീസ് അറിയിച്ചു. പൊലീസ് വീട് പൂർണ്ണമായും സീൽ ചെയ്തു. ശാസ്ത്രീയ കുറ്റാന്വേഷണ വിഭാഗവും വിരലടയാള വിദഗ്ധരും എത്തിയ ശേഷം മാത്രമേ വീട് തുറന്ന് വിശദമായ പരിശോധനകൾ നടത്തുകയുള്ളൂ എന്ന് പൊലീസ് അറിയിച്ചു. കൊലപാതകത്തിന് ശേഷം യുവാവ് ആത്മഹത്യ ചെയ്തതാണോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്.








