കൊച്ചി: ശബരിമല സ്വര്‍ണക്കടത്തുകേസില്‍ ദേവസ്വം ബോര്‍ഡിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. സ്വര്‍ണക്കടത്തു കേസിലെ പ്രതികളുടെ ജാമ്യഹര്‍ജികളില്‍ വാദം തുടരുന്നതിനിടെയാണ് ഹൈക്കോടതിയുടെ വിമര്‍ശനം.
എല്ലാം ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഏല്‍പ്പിച്ചത് എന്തിനെന്നായിരുന്നു കോടതിയുടെ ചോദ്യം. ദേവസ്വം ബോര്‍ഡിന് എന്താണ് പണിയെന്നും ചോദിച്ചു.
ശബരിമലയിലെ ശ്രീകോവിലിന്റെ വാതില്‍, കട്ടിളപ്പാളി, ദ്വാരപാലക ശില്പം എന്നിവ അടക്കമുള്ളവയില്‍ സ്വര്‍ണം പൂശുന്നതിനായി ഉണ്ണികൃഷ്ണന്‍ പോറ്റിയെയാണ് ഏല്‍പ്പിച്ചതെന്ന പ്രോസിക്യൂഷന്‍ വാദത്തിന് പിന്നാലെയാണ് കോടതിയുടെ വിമര്‍ശനം.
മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍, ബല്ലാരിയിലെ സ്വര്‍ണവ്യാപാരി ഗോവര്‍ധന്‍, മുന്‍ ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുരാരി ബാബു എന്നിവരുടെ ജാമ്യഹര്‍ജികളിലാണ് കോടതി വാദം കേട്ടത്. വാദം തുടരുന്നതിനിടെ താന്‍ ശബരിമലയില്‍ പല ആവശ്യങ്ങള്‍ക്കായി 1.40 കോടി രൂപയോളം ചെലവഴിച്ചു, ശബരിമല ശ്രീകോവിലിന്റെ വാതില്‍ 35ലക്ഷം രൂപ മുടക്കി പണിതുകൊടുത്തു, ശ്രീ കോവിലിന്റെ മുമ്പിലെ ഹുണ്ടിക നിര്‍മ്മിച്ചു കൊടുത്തു, ഇപ്പോള്‍ 25 ദിവസമായി ജയിലില്‍ കിടക്കുകയാണെന്ന് ഗോവര്‍ദ്ധന്‍ പറഞ്ഞു.
അയ്യപ്പന്റെ തികഞ്ഞ വിശ്വാസിയായ താന്‍ കേസില്‍ കുടുക്കപ്പെട്ടിരിക്കുകയാണ്. അന്വേഷണ ഉദ്യോഗസ്ഥരുടെ മുമ്പിലിരുന്ന തന്നെ പൊടുന്നനെ പിടിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും ഗോവര്‍ധന്‍ പറഞ്ഞു. ഇതിനെ എതിര്‍ത്ത എസ്.ഐ.ടി ഉണ്ണികൃഷ്ണന്‍ പോറ്റിയും പങ്കജ് ഭണ്ഡാരിയും ഗോവര്‍ധനനും സ്വര്‍ണക്കടത്തില്‍ പ്രധാന പങ്കുണ്ടെന്ന് കോടതിയെ അറിയിച്ചു.







