ഗുരുവായൂര്‍: ഗുരുവായൂരില്‍ പൂജിക്കാന്‍ കൊണ്ടുവന്ന കാര്‍ സ്റ്റീലുകൊണ്ടുണ്ടാക്കിയ ഗേറ്റ് ഇടിച്ചുതകര്‍ത്തു.
കിഴക്കേ നടപ്പുരയില്‍ വാഹനത്തിന്റെ പൂജാചടങ്ങ് കഴിഞ്ഞ് കാര്‍ മുന്നോട്ടെടുത്തപ്പോള്‍ ഗേറ്റിലിടിക്കുകയായിരുന്നുവെന്ന് പറയുന്നു. കാറിന്റെ മുന്‍ഭാഗവും തകര്‍ന്നു.
നടപ്പുരയിലൂടെ ഭക്തര്‍ നടന്നുപോകുന്നുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കേറ്റില്ല. കോഴിക്കോട്ടുനിന്ന് വന്ന ഭക്തരുടെ കാറാണ് ഇടിച്ചത്. തകര്‍ന്ന ഗേറ്റ് പുന:സ്ഥാപിക്കുമെന്ന് വാഹന ഉടമ ഉറപ്പുനല്‍കി. ഇതിനാവശ്യമായ തുക ദേവസ്വത്തില്‍ അടയ്ക്കാമെന്ന് സമ്മതിച്ചതായി അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞദിവസം കാറുകളും, ഇരുചക്രവാഹനങ്ങളും ഓട്ടോയും ഹെവി വാഹനങ്ങളുമടക്കം 98 വാഹനങ്ങളായിരുന്നു പൂജിക്കാനുണ്ടായിരുന്നത്. ഗതാഗതപ്രശ്നമുണ്ടാകാതിരിക്കാന്‍ ഊഴമനുസരിച്ചാണ് വണ്ടികളെ നടപ്പുരയിലേക്ക് പ്രവേശിപ്പിച്ചത്.







