മൊഗ്രാല്‍: മൊഗ്രാല്‍ സ്‌കൂള്‍ മൈതാനത്ത് സ്‌കൂള്‍ ഗ്രൗണ്ട് ഇംപ്രൂവ്‌മെന്റ് പദ്ധതി പ്രകാരം ജില്ലാ പഞ്ചായത്ത് കഴിഞ്ഞവര്‍ഷം സ്‌കൂള്‍ മതിലിനോട് ചേര്‍ന്ന് ബാള്‍ സേഫ്റ്റി നെറ്റ് ഇടാന്‍ സ്ഥാപിച്ച ഇരുമ്പു വേലി തകര്‍ന്നു വീണു. സ്‌കൂള്‍ അവധിദിവസമായിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായ ആശ്വാസത്തിലാണ് നാട്ടുകാര്‍. 200 മീറ്റര്‍ നീളത്തിലും 100 മീറ്റര്‍ ഉയരത്തിലുമായി സ്ഥാപിച്ചതായിരുന്നു ഇരുമ്പ് വേലി. ഫുട്‌ബോള്‍ കളിക്കിടെ പന്തുകള്‍ മൈതാനത്തില്‍ നിന്ന് പുറത്തു പോകാതിരിക്കുന്നതിന് വല സ്ഥാപിക്കാന്‍ നിര്‍മ്മിച്ചതായിരുന്നു ഇത്. മൈതാനത്തിനക ത്തേക്ക് തകര്‍ന്ന് വീണതിനാല്‍ സ്‌കൂള്‍ റോഡിലൂടെ നടന്നുപോകുന്ന കാല്‍നടയാത്രക്കാരും വാഹനങ്ങളും വലിയ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു.
ജില്ലാ പഞ്ചായത്ത് കഴിഞ്ഞവര്‍ഷം പത്ത് ലക്ഷം രൂപ ചിലവില്‍ സ്‌കൂള്‍ മതില്‍, കമാനം എന്നിവയുടെ നിര്‍മ്മാണ സമയത്താണ് ബോള്‍ സേഫ്റ്റി നെറ്റ് സ്ഥാപിക്കാന്‍ ഇരുമ്പ് വേലി സ്ഥാപിച്ചത്. തൂണുകളില്‍ ഇതുവരെ വല സ്ഥാപിച്ചിട്ടുണ്ടായിരുന്നില്ല. അതിനാല്‍ റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി ഇരുമ്പ് വേലിയില്‍ നിറയെ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. ഇതാണ് ഇത് ഒന്നടങ്കം ഇന്നലെ ഒടിഞ്ഞു വീണത്. അധികഭാരമാണ് കാരണമെന്നു പറയപ്പെടുന്നു.
ഹൈസ്‌കൂള്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് ഉണ്ടായിരുന്നുവെങ്കിലും ക്ലാസ്സ് നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് തൂണുകള്‍ തകര്‍ന്നു വീണത്. അതുകൊണ്ട് വലിയ ദുരന്തമാണ് ഒഴിവായത്. മറുഭാഗത്തുള്ള സ്‌കൂള്‍ റോഡിലേക്ക് വീണി രുന്നെങ്കില്‍ വലിയ ദുരന്തമാവുമായിരുന്നു.
ബലക്കുറവുള്ള ഇരുമ്പ് തൂണുകളാണ് സ്ഥാപിച്ചതെന്നു നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു. ബലമുള്ള തൂണുകളും നെറ്റ് വലയും സ്ഥാപിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെടുന്നു.






