കാസര്‍കോട്: ദേശീയ പാതയിലെ കുമ്പള ടോള്‍ ബൂത്തിനെതിരെ എംഎല്‍എയുടെ നേതൃത്വത്തില്‍ അനിശ്ചിതകാല സമരം ചൊവ്വാഴ്ച ആരംഭിക്കുമെന്നു ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.
ടോള്‍ ബൂത്തിനടുത്തായിരിക്കും സമരം. സമരത്തില്‍ മുഴുവന്‍ സമയവും താന്‍ പങ്കെടുക്കുമെന്നും സമരസമിതി ഭാരവാഹികളും പ്രവര്‍ത്തകരും റിലേയായി സമരത്തില്‍ സംബന്ധിക്കുമെന്നും എകെഎം അഷ്‌റഫ് എംഎല്‍എ പറഞ്ഞു.
അന്യായമായ കുമ്പള ടോള്‍ പിരിവ് അവസാനിപ്പിക്കണമെന്നും കോടതിയില്‍ ഇതു സംബന്ധിച്ചു കേസ് നിലവിലുള്ള സാഹചര്യത്തില്‍ കേസില്‍ തീര്‍പ്പുണ്ടാകുന്നതു വരെ ടോള്‍ പിരിവ് നിറുത്തിവക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം. അഷ്‌റഫിനു പുറമെ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ പഞ്ചാ.പ്രസിഡന്റ് വി.പി അബ്ദുല്‍ ഖാദര്‍ ഹാജി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ അസീസ് കളത്തൂര്‍, ബ്ലോക്ക് പഞ്ചാ. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഷ്‌റഫ് കാര്‍ള, കോണ്‍. നേതാവ് ലക്ഷ്മണ പ്രഭു തുടങ്ങിയവര്‍ പങ്കെടുത്തു.
കെഎല്‍ 14 രജിസ്‌ട്രേഷന്‍ വാഹനങ്ങളെ ടോളില്‍ നിന്ന് ഒഴിവാക്കാമെന്നും ലോക്കല്‍ യാത്രക്കുപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് പാസ് അനുവദിക്കാമെന്നും എന്‍എച്ച് അധികൃതര്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്ന് എംഎല്‍എ പറഞ്ഞു.
ഈ നിര്‍ദ്ദേശം സ്വീകാര്യമല്ലെന്നും മുഴുവന്‍ വാഹനങ്ങളെയും കോടതി വിധി വരുന്നതു വരെ ടോളില്‍ നിന്ന് ഒഴിവാക്കണമെന്നതാണ് ആക്ഷന്‍ കമ്മിറ്റിയുടെ ആവശ്യമെന്നും ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
അതേ സമയം ഇന്നലെ രാത്രി വരെ സമര സമിതിക്ക് ആവേശം പകര്‍ന്നിരുന്ന സമരസമിതി നേതാവും സിപിഎം നേതാവുമായ സുബൈര്‍ ഇന്നു സമരം തുടങ്ങിയപ്പോള്‍ എവിടെപ്പോയെന്ന ചോദ്യത്തിന് മറ്റേതെങ്കിലും അത്യാവശ്യത്തിന് പോയിട്ടുണ്ടാവുമെന്നു എംഎല്‍എ പ്രതികരിച്ചു.






