കൊല്ലൂർ: ഗാനഗന്ധർവൻ കെ.ജെ.യേശുദാസിന്റെ 86-ാം ജന്മദിനത്തിൽ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ സംഗീതാർച്ചനയിൽ പങ്കെടുത്ത് മകൻ വിജയ് യേശുദാസ്. തന്റെ ഇഷ്ടദേവതാ സന്നിധിയിൽ നടന്ന സംഗീതാർച്ചനയ്ക്ക് യേശുദാസ് അമേരിക്കയിൽ നിന്ന് വീഡിയോ കോളിൽ ആശംസ അറിയിച്ചു. ഗായകൻ കാഞ്ഞങ്ങാട് രാമചന്ദ്രന്റെ നേതൃത്വത്തിലാണ് സംഗീതാർച്ചന നടത്തിയത്. യേശുദാസിന്റെ ഷഷ്ടിപൂർത്തി മുതൽ കാഞ്ഞങ്ങാട് രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള ഗായകന് വേണ്ടി മൂകാംബികാ സംഗീതാർച്ചന നടത്തിവരികയാണ്. കഴിഞ്ഞ ആറു വർഷമായി അമേരിക്കയിൽ ആയതിനാൽ യേശുദാസ് കൊല്ലൂരിൽ എത്തിയില്ല. വിജയ് കീർത്തനം ആലപിക്കുന്നതിനിടയിലാണ് യേശുദാസ് വീഡിയോ കോളിലെത്തിയത്. ‘അമ്മേ മൂകാംബികേ…” എന്ന പ്രാർത്ഥനയോടെ സംസാരിച്ചുതുടങ്ങിയ അദ്ദേഹം, ‘അമ്മ അനുഗ്രഹിക്കട്ടെ” എന്നും ആശംസിച്ചു. സംഗീതാർച്ചന നടത്തുന്ന കാഞ്ഞങ്ങാട് രാമചന്ദ്രനും സൗപർണികാമൃതം പുരസ്കാരത്തിന് അർഹനായ ഗാനരചയിതാവ് ആർ.കെ.ദാമോദരനും അദ്ദേഹം ഭാവുകങ്ങൾ നേർന്നു. പിറന്നാൾദിനത്തിൽ യേശുദാസിനായി വിജയ് യേശുദാസ് പ്രത്യേക പൂജ നടത്തി. വെള്ളിയാഴ്ച തന്നെ വിജയ് കൊല്ലൂരിൽ എത്തിയിരുന്നു. യേശുദാസിന്റെ സുഹൃത്തുക്കളായ ആർ.കെ.ദാമോദരൻ, ഡോ. സി.എം.രാധാകൃഷ്ണൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. കെ.വി.വിവേക് രാജ് കാഞ്ഞങ്ങാട്, വിജയൻ കോഴിക്കോട്, മുരളി നമ്പീശൻ കോഴിക്കോട് (വയലിൽ), എൻ.ഹരി കോഴിക്കോട്, ഹരി മോഹൻ കരിവള്ളൂർ, രവീന്ദ്രൻ തിരുവനന്തപുരം, മനോജ് വെള്ളൂർ (മൃദംഗം), താമരക്കുടി രാജശേഖരൻ, മുകുന്ദൻ താമരശ്ശേരി (മുഖ ശംഖ്), സുരേഷ് കോവൈ, ആലുവ രാജേഷ് (ഘടം), കരിവെള്ളൂർ ശശീന്ദ്രൻ (ഇടയ്ക്ക) ജബ്ബാർ കാഞ്ഞങ്ങാട് (ശബ്ദം) എന്നിവരായിരുന്നു പക്കമേളത്തിൽ. സന്തോഷ് ചൈതന്യ കമ്പല്ലൂർ, പ്രഭാകരൻ കാഞ്ഞങ്ങാട്, കൊല്ലൂർ മൂകാംബിക ക്ഷേത്രം ട്രസ്റ്റി പി.വി.അഭിലാഷ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.







