ന്യൂഡല്‍ഹി: ഗായകനും നടനുമായ പ്രശാന്ത് തമാങ് അന്തരിച്ചു. 43 വയസായിരുന്നു. ഞായറാഴ്ച ന്യൂ ഡല്‍ഹിയിലെ വസതിയില്‍ വച്ച് പക്ഷാഘാതം മൂലമാണ് അന്ത്യം. 2007ലെ ഇന്ത്യന്‍ ഐഡല്‍ മൂന്നാം സീസണ്‍ ജേതാവായതോടെയാണ് രാജ്യമെങ്ങും പ്രശസ്തനാകുന്നത്. കൊല്‍ക്കത്ത പൊലീസ് ഉദ്യോഗസ്ഥനായിരുന്നു. 2010ല്‍ റിലീസായ ‘ഗൂര്‍ഖ പള്‍ട്ടന്‍’ എന്ന നേപ്പാളി സിനിമയിലൂടെയാണ് സിനിമാപ്രവേശം. പിന്നാലെ, ‘നിഷാനി’, ‘പര്‍ദേശി’ തുടങ്ങി നിരവധി നേപ്പാളി സിനിമകളിലും അഭിനയിച്ചു. ‘പാതാള്‍ ലോക്’ സീസണ്‍ 2ല്‍ ഡാനിയല്‍ ലെച്ചോ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
1983 ജനുവരി നാലിന് ഡാര്‍ജിലിങ്ങിലാണ് പ്രശാന്ത് തമാങ്ങിന്റെ ജനനം. ബാല്യത്തില്‍ തന്നെ പിതാവിനെ നഷ്ടമായി. പിന്നീട് കൊല്‍ക്കത്ത പൊലീസില്‍ കൊണ്‍സ്റ്റബിളായപ്പോഴും സംഗീതത്തെ കൈവിട്ടിരുന്നില്ല. പൊലീസ് ഓര്‍ക്കസ്ട്രയില്‍ സജീവമായിരുന്നു. ഇന്ത്യന്‍ ഐഡല്‍ വിജയത്തോടെ പ്രശാന്തിന് ലഭിച്ച പ്രശസ്തി ഗൂര്‍ഖാ സമൂഹത്തിന് വലിയ ആത്മവിശ്വാസം നല്‍കിയ ഒന്നായിരുന്നു. പ്രശാന്ത് തമാങ്ങിന്റെ മരണത്തില്‍ സിനിമ-സംഗീത രംഗത്തെ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.







