ഡാലസ് കേരള അസോസിയേഷൻ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് ഉജ്ജ്വല തുടക്കം; ക്രിസ്മസ്-പുതുവത്സര പരിപാടികൾ വർണ്ണാഭമായി

പി പി ചെറിയാൻ

ഡാലസ്: കേരള അസോസിയേഷൻ ഓഫ് ഡാലസിന്റെ അൻപതാം വാർഷികാഘോഷങ്ങൾക്കും ക്രിസ്മസ്-പുതുവത്സര പരിപാടികൾക്കും 10-ന് ഗാർലൻഡിലെ എം.ജി.എം ഓഡിറ്റോറിയത്തിൽ വർണ്ണാഭമായ തുടക്കം. ‘സുവർണ്ണ ജൂബിലി’ വർഷത്തിലേക്ക് പ്രവേശിക്കുന്ന അസോസിയേഷന്റെ ഈ വർഷത്തെ ആഘോഷങ്ങൾ പ്രമുഖ കായിക ഇതിഹാസങ്ങളായ പത്മശ്രീ ഷൈനി വിത്സനും വിത്സൻ ചെറിയാനും ചേർന്ന് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.

അസോസിയേഷൻ പ്രസിഡന്റ് പ്രദീപ് നാഗനൂലിലിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ, ഷിജു അബ്രഹാമിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതി ചുമതലയേറ്റു. 1976-ൽ പ്രവർത്തനമാരംഭിച്ച അസോസിയേഷൻ അരനൂറ്റാണ്ടിന്റെ നിറവിൽ എത്തിനിൽക്കുന്നത് പ്രവാസി മലയാളി സമൂഹത്തിന് അഭിമാനകരമാണെന്ന് ചടങ്ങിൽ സംസാരിച്ചവർ ഓർമ്മിപ്പിച്ചു.

കലാവിരുന്നിന്റെ വിസ്മയം സുബി ഫിലിപ്പിന്റെ ആമുഖത്തോടെ ആരംഭിച്ച പരിപാടികളിൽ ഡാലസിലെ പ്രമുഖ കലാകാരന്മാർ അണിനിരന്ന വിവിധ കലാരൂപങ്ങൾ അരങ്ങേറി.

ഡാലസ് കൊയറിസ്റ്റേഴ്‌സ് അവതരിപ്പിച്ച ക്രിസ്മസ് മെഡ്ലിയും, യുണൈറ്റഡ് വോയ്‌സ് കമ്പൈൻഡ് കൊയർ അവതരിപ്പിച്ച ‘പ്രോസഷൻ ഓഫ് ലൈറ്റും’ കാണികൾക്ക് നവ്യാനുഭവമായി.

ടീം ധൂൽ , നർത്തന ഡാൻസ് സ്കൂൾ, റിഥം ഓഫ് ഡാലസ് എന്നിവർ അവതരിപ്പിച്ച ബോളിവുഡ് ഫ്യൂഷൻ നൃത്തങ്ങളും, ‘ടീം നാട്യ’യുടെ സെമി-ക്ലാസിക്കൽ ഡാൻസും പരിപാടികൾക്ക് ആവേശം പകർന്നു.

മ്യൂസിക്കൽ ഡ്രാമ: ‘ദ സിംഫണി ഓഫ് ലൈറ്റ്സ്’ എന്ന മ്യൂസിക്കൽ ഡ്രാമ അവതരണ മികവ് കൊണ്ട് ശ്രദ്ധേയമായി.

ഫാഷൻ ഷോ: ‘ടീം ഫ്യൂഷൻ എലഗൻസ്’ അവതരിപ്പിച്ച ഫാഷൻ ഷോ ആഘോഷങ്ങൾക്ക് ഗ്ലാമർ പരിവേഷം നൽകി.

വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കുള്ള അവാർഡ് വിതരണവുമുണ്ടായിരുന്നു.അസോസിയേഷൻ സെക്രട്ടറി മൻജിത് കൈനിക്കര നന്ദി പറഞ്ഞു. ആഘോഷങ്ങളുടെ ഭാഗമായി നടന്ന ‘ഫെസ്റ്റിവൽ ഓഫ് കരോൾസും’ വിഭവസമൃദ്ധമായ ഡിന്നറും അവിസ്മരണീയമായ അനുഭവമായിരുന്നു .

സുവർണ്ണ ജൂബിലി വർഷത്തിൽ വൈവിധ്യമാർന്ന നിരവധി പരിപാടികളാണ് വരും മാസങ്ങളിൽ ഡാലസ് കേരള അസോസിയേഷൻ വിഭാവനം ചെയ്തിരിക്കുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page